
കണ്ണൂർ: ബിജെപി കോൺഗ്രസ് കൂട്ട്കെട്ടാണ് കേരളത്തിലെന്ന് ആക്ഷേപവുമായി മുഖ്യമന്ത്രി. ധർമ്മടത്ത് എൽഡിഎഫ് പ്രചാരണ പരിപാടിയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആക്ഷേപമുന്നയിച്ചത്. പോണ്ടിച്ചേരിയിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എല്ലാവരും പോകുന്നു. അവരുടെ മുതിർന്ന നേതാക്കൾ പോലും അതുതന്നെ പറയുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത് കേരളത്തെ അപമാനിക്കുന്ന പരാമർശങ്ങളാണ്. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ് അതിനെതിരെ ഒന്നും പറഞ്ഞില്ല. ഷാ നാടിനെ അപമാനിക്കുമ്പോൾ കോൺഗ്രസ് കൂട്ട് നിൽക്കുന്നു, രാഹുൽ ഗാന്ധി ഇവിടെ വന്നപ്പോൾ കേന്ദ്ര ഏജൻസികൾക്ക് സ്വർണക്കടത്ത് ഉൾപ്പടെ കേസുകളിൽ അന്വേഷണത്തിന് വേഗത പോര എന്നാണ് പറഞ്ഞു. ഇത് രണ്ട് കൂട്ടരും ഒരേ മനസോടെ എൽഡിഎഫ് സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
'അമിത് ഷാ ഇവിടെ വന്നു. ഇപ്പോൾ ആഭ്യന്തര മന്ത്രിയാണല്ലോ അദ്ദേഹം. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിട്ടാണോ അദ്ദേഹം സംസാരിച്ചത്? സ്ഥാനത്തുണ്ടാകുമ്പോൾ ആ സ്ഥാനത്തിന്റെ നിലയിൽ സംസാരിക്കണം, അല്ലാത്തരീതിയിൽ വന്നാൽ പണ്ട് അമിത് ഷായോട് പറഞ്ഞത് പറയേണ്ടി വരും.' കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷാ. വർഗീയത ഏതെല്ലാം തരത്തിൽ വളർത്തിയെടുക്കാൻ പറ്റും അതിനുവേണ്ടി എന്തും ചെയ്യുന്നൊരാളാണ്. മുസ്ളീം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അമിത് ഷായുടെ സ്വരം കടുക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അമിത് ഷാ സംശയാസ്‌പദമായ മരണത്തെ കുറിച്ച് പ്രസംഗത്തിൽ പറഞ്ഞു. ആ മരണം ഏതാണെന്ന് വ്യക്തമായി പറഞ്ഞാൽ അന്വേഷിക്കുമെന്നും എന്നാൽ പുകമറ സൃഷ്‌ടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയും കോൺഗ്രസും കൂടി ഒരു സഖ്യമുണ്ടാക്കി ഇടത് പക്ഷത്തെ നേരിടാനാണ് കേരളത്തിലെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ നേരും നെറിയോടെയും പ്രവർത്തിക്കണം. അവരുടെ വിരട്ടലൊന്നും ഇവിടെ നടക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.