
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസൻ, സംവിധായകൻ സിദ്ദിഖ്, വ്യവാസായി കൊചൗസേപ്പ് ചിറ്റിലപ്പളളി എന്നിവർ ട്വന്റി-ട്വന്റിയിൽ ചേർന്നു. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ട്വന്റി-ട്വന്റി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയത്.
ട്വന്റി-ട്വന്റിക്ക് വേണ്ടി പി.ജെ. ജോസഫിന്റെ മരുമകൻ ജോസ് ജോസഫ് കോതമംഗലത്ത് മത്സരിക്കും. ദൃശ്യമാദ്ധ്യമ പ്രവർത്തകനായ സി.എൻ. പ്രകാശാണ് മൂവാറ്റുപുഴ മണ്ഡത്തിലെ സ്ഥാനാർഥി. കുന്നത്തുനാട് ഡോക്ടർ സുജിത്ത് പി. സുരേന്ദ്രൻ , പെരുമ്പാവൂരിൽ ചിത്രാ സുകുമാരൻ, വൈപ്പിനിൽ ഡോക്ടർ ജോബ് ചക്കാലയ്ക്കൽ എന്നിവരാണ് സ്ഥാനാർത്ഥികൾ.
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ട്വന്റി-ട്വന്റി ഉപദേശക സമിതി ചെയർമാനായി തിരഞ്ഞെടുത്തു. നടനും സംവിധായകനുമായ ശ്രീനിവാസൻ സംവിധായകൻ, സിദ്ദിഖ് എന്നിവരടങ്ങിയ അഞ്ചംഗ ഉപദേശക സമിതിയെയും നിശ്ചയിച്ചു. നിയമസഭ തിരെഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് നടൻ ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു. ട്വന്റി-ട്വന്റിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നാണ് ശ്രീനിവാസൻ പറയുന്നത്.
കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി. അതിനാലാണ് താൻ പിന്തുണ നൽകുന്നത്. മെട്രോമാൻ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബി.ജെ.പിയിലാണ്. അവർ ആ പാർട്ടിവിട്ട് ട്വന്റി-ട്വന്റിക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം. കഴിഞ്ഞ ദിവസങ്ങളിൽ മലയാള സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയവർ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.