
യങ്കൂൺ: മ്യാൻമറിൽ അട്ടിമറി പ്രക്ഷോഭത്തിനിടെ വീണ്ടും മരണം. രണ്ട് പ്രക്ഷോഭകരാണ് വെടിയേറ്റ് മരിച്ചത്.. വടക്കൻ പട്ടണമായ മെറ്റ്കിനയിൽ തെരുവിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കിടക്കുന്നതിന്റെ ചിത്രങ്ങൾ തിങ്കളാഴ്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുത്തവക്ക് നേരെ പൊലീസ് സ്റ്റൺ ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ചതായി സാക്ഷികൾ പറയുന്നു. പ്രദേശത്ത് വെടിയൊച്ച കേട്ടതായും ഇവർ പറഞ്ഞു. മരിച്ച രണ്ടുപേരുടെയും തലയിൽ വെടിയേറ്റിരുന്നു, മൂന്ന് പേർക്ക് പരിക്കേറ്റു.. മൃതദേഹങ്ങൾ തെരുവിൽ നിന്ന് നീക്കാൻ സഹായിച്ച ഒരുവ്യക്തി റോയിറ്റേഴ്സിനോട് പറഞ്ഞു.. രാജ്യത്തുടനീളമുള്ള പൊതു കെട്ടിടങ്ങളിലേക്ക് സൈനികരെ വിന്യസിച്ചതായും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടൽ ആരംഭിച്ചതായും മ്യാൻമറിലെ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആശുപത്രികളിലും സർവകലാശാലകളിലും സേന സാനിധ്യം നിലനിറുത്തുന്നുണ്ടെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം 50 പേരെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
പ്രക്ഷോഭം നടത്തുന്ന നേതാക്കൾക്കും പ്രവത്തകർക്കും നേരെ സേന നിരവധി തവണ ആക്രമണം നടത്തിയിരുന്നു. എൻഎൽഡി യുടെ പ്രചാരണ ഉദ്യോഗസ്ഥൻ ഖിൻ മൗങ് ലത്ത് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ തലയ്ക്കും ശരീരത്തിനും ഏറ്റ മുറിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സംശയിക്കുന്നതായി സ്ഥാനമൊഴിഞ്ഞ നിയമസഭാംഗം ബാ മയോ തിൻ പറഞ്ഞു.. ലത്തിനെ അറസ്റ്റ് ചെയ്ത പബെദാനിലെ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനിക വക്താവും സംഭവത്തെക്കുറിച്ച് മറുപടി പറയാൻ തയാറാകുന്നതുമില്ല.