
ന്യൂഡൽഹി: അമേരിക്കൻ ഗവേഷണ സ്ഥാപനമായ ദ ഹെറിറ്റേജ് ഫൗണ്ടേഷന്റെ 2021ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 121-ാം സ്ഥാനം നിലനിറുത്തി. ആകെ 178 രാജ്യങ്ങളുള്ള പട്ടികയിൽ 89.7 പോയിന്റുമായി സിംഗപ്പൂരാണ് ഒന്നാമത്. ഇന്ത്യയുടെ പോയിന്റ് 56.5. ബംഗ്ളാദേശ് 0.1 പോയിന്റ് മെച്ചപ്പെടുത്തി 56.5 പോയിന്റുമായി 120-ാം സ്ഥാനത്തുണ്ട്. 58.4 പോയിന്റുമായി 107-ാമതാണ് ചൈന. പാക്കിസ്താൻ 152-ാം സ്ഥാനത്തും നേപ്പാൾ 157-ാം സ്ഥാനത്തുമാണ്.
ഭൂട്ടാൻ 109-ാം സ്ഥാനം നേടി. 146-ാമതാണ് അഫ്ഗാനിസ്ഥാൻ. 131-ാമതാണ് ശ്രീലങ്ക. പട്ടികയിൽ ഏറ്റവും പിന്നിൽ വെറും 5.2 പോയിന്റുമായി ഉത്തര കൊറിയയാണ്. ഇറാക്ക്, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹോങ്കോംഗിനെയും ഒഴിവാക്കി. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, അയർലൻഡ് എന്നിവയാണ് സിംഗപ്പൂരിന് പിന്നിൽ ആദ്യ അഞ്ചിൽ യഥാക്രമം ഇടംപിടിച്ച രാജ്യങ്ങൾ.
ഇന്ത്യയടക്കമുള്ള വലിയ സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടത്തിൽ ഏഴാംസ്ഥാനത്തുള്ള ബ്രിട്ടനാണ് മുന്നിൽ. അമേരിക്ക - 20, ജപ്പാൻ - 23, ജർമ്മനി - 29 എന്നിങ്ങനെ സ്ഥാനങ്ങളും കരസ്ഥമാക്കി. 40 രാജ്യങ്ങൾ ഉൾപ്പെട്ട ഏഷ്യാ-പസഫിക് മേഖലയിൽ 26-ാം സ്ഥാനത്താണ് ഇന്ത്യ. ആസ്തികളിന്മേലുള്ള അവകാശം അടിസ്ഥാനമാക്കി 12 ഘടകങ്ങൾ വിലയിരുത്തിയാണ് ഹെറിറ്റേജ് ഫൗണ്ടേഷൻ സാമ്പത്തിക സ്വാതന്ത്ര്യ സൂചിക തയ്യാറാക്കിയത്. നിയമസംവിധാനം, സർക്കാരിന്റെ കരുത്ത്, നിയന്ത്രണ സംവിധാനങ്ങളുടെ കാര്യശേഷി, ഓപ്പൺ മാർക്കറ്റ് എന്നിവയിലും ഊന്നിയാണ് പട്ടിക സജ്ജീകരിച്ചത്.