
പ്രണയം പകർന്ന വേദനയിൽ വാടിതളരാത്ത പുതുകാലത്തെ പെണ്ണിന്റെ പാട്ടുമായി വനിതാദിനത്തിൽ ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ഗോവിന്ദനും സംഘവും. 'സമാ മിന' (എന്റെ പ്രണയം) എന്ന് പേരിട്ടിരിക്കുന്ന സംഗീത ആൽബം യുട്യൂബിൽ ശ്രദ്ധേയമാകുകയാണ്. പ്രണയം പകർന്ന വേദനയും പെണ്ണിന്റെ കരുത്തും വരികളിൽ ആവാഹിച്ചിരിക്കുന്ന ആൽബം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. ആർദ്രവികാരങ്ങളിൽ ഉൾവലിയാതെ പ്രതികരിക്കുന്ന പെണ്ണിന്റെ കഥകൂടിയാണ് ഈ ഗാനത്തിലൂടെ ആവിഷ്‌ക്കരിക്കുന്നത്.
ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ഗോവിന്ദന്റെ വരികൾക്ക് അനിലാണ് സംഗീതം നൽകിയിരിക്കുന്നത്. ഓർഡിനറി, അനാർക്കലി തുടങ്ങിയ നിരവധി ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ചത് രാജീവ് ഗോവിന്ദനാണ്. മഞ്ജരിയാണ് ആലാപനം. ഗാനത്തിന്റെ ആശയവും രാജീവ് ഗോവിന്ദന്റേതു തന്നെയാണ്. ഡോ. എസ്. മഹേഷാണ് സംവിധാനം. ഫൈസൽ അലി ക്യാമറയും അരുൺ ദാസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ശ്രദ്ധ അംമ്പു, ശ്യാം മോഹൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.