
കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പേര് രാജ്യത്തിന് നൽകുന്ന ദിവസം വിദൂരമല്ലെന്ന് പരിഹ,സിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സ്റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നൽകി. കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ഫോട്ടോവച്ചു. തന്റെ ഫോട്ടോ ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. രാജ്യത്തിനുതന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി വരാനിരിക്കുന്നതെന്ന് കൊൽക്കത്തയിൽ സംഘടിപ്പിച്ച വനിതാദിന റാലിയിൽ മമത പറഞ്ഞു.
പ്രധാനമന്ത്രി കൊൽക്കത്തയിലെ പ്രശസ്തമായ ബ്രഗേഡ് ഗ്രൗണ്ടിനെ ബി ഗ്രേഡ് ഗ്രൗണ്ടാക്കി മാറ്റിയെന്നും ബ്രഗേഡ് ഗ്രൗണ്ടിൽ മോദി കഴിഞ്ഞ ദിവസം നടത്തിയ റാലിയെ പരോക്ഷമായി സൂചിപ്പിച്ച് അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ബി.ജെ.പി നേതാക്കൾ കൊൽക്കത്തയിൽ എത്തുന്നത്. ഇവിടെയെത്തി പച്ചക്കള്ളങ്ങൾ പറയുകയാണ് അവർ ചെയ്യുന്നത്. മാതൃകാ സംസ്ഥാന'മായ ഗുജറാത്ത് അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തുന്നത്. ഗുജറാത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഓരോ ദിവസവും നാല് ബലാത്സംഗങ്ങളും രണ്ട് കൊലപാതകങ്ങളും നടക്കുന്നുവെന്നാണ് റപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ 294 സീറ്റുകളും ബി.ജെ.പിയും താനും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും മമത അവകാശപ്പെട്ടു.