
തിരുവനന്തപുരം: കേന്ദ്ര മന്ത്രി അമിത് ഷായുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വെല്ലുവിളികൾ തെരുവുപട്ടികൾ മുഖംത്തോടു മുഖം നോക്കിക്കുരയ്ക്കുന്നതുപോലെയാണെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. അവർ കുരയ്ക്കുന്നതല്ലാതെ കടിക്കുന്നില്ലല്ലൊ. ഇരുകൂട്ടരും വെല്ലുവിളിക്കുന്നതല്ലാതെ ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നും ഇവർ തമ്മിൽ അന്തർധാര സജീവമാണെന്നും സ്വർണക്കളളക്കടത്തു കേസിനെ സൂചിപ്പിച്ചുകൊണ്ട് ഉണ്ണിത്താൻ ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.
പരാമർശം സഭ്യമല്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിനിധി സന്ദീപ് വാചസ്പതി രംഗത്തെത്തിയെങ്കിലും താനൊരുപമ മാത്രമാണ് പറഞ്ഞെതെന്ന് ഉണ്ണിത്താൻ പ്രതികരിച്ചു. നല്ല ഉപമകൾ തനിക്കും അറിയാമെന്ന് വാചസ്പതി പറഞ്ഞതോടെ ഉണ്ണിത്താൻ ഉപമയിലൂടെ തന്നെ മറുപടി നൽകി. 'കഴുതയ്ക്ക് കാമം വരുമ്പോൾ അത് കരഞ്ഞ് തീർക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ ഉണ്ണിത്താന്റെയും ബി.ജെ.പി പ്രതിനിധിയുടെയും വാക്‌പോരിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. മുൻപും വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഇടം പിടിച്ചിട്ടുളളയാളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ.