
ബബോംലി: മുംബയ് സിറ്റി എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഫൈനലിൽ കടന്നു. ഇന്നലെ നടന്ന രണ്ടാം പാദ സെമി പോരാട്ടത്തിൽ ഗോവ എഫ്.സിയെ സഡൻ ഡെത്തിൽ വീഴ്ത്തിയാണ് മുംബയ് ഫൈനലിന് ടിക്കറ്റെടുത്തത്. 6-5നാണ് പെനാൽറ്റി പോരാട്ടത്തിൽ മുംബയ് വിജയം കുറിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോൾ നേടാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും സമനില പാലിച്ചതോടെയാണ് സഡൻഡെത്ത് അനിവാര്യമായത്. സഡൻ ഡെത്തിലെ ആദ്യ മൂന്ന് കിക്കും ഇരു ടീമുകളും ഗോളാക്കി. എന്നാൽ ഗോവയുടെ നാലാം കിക്കെടുത്ത ഗ്ലാൻ മാർട്ടിൻസിന് പിഴച്ചു. കിക്ക് പുറത്തേക്ക് പോയി. തുടർന്ന് മുംബയ്ക്കായി നാലാം കിക്കെടുത്ത റൗളിൻ ബോർജസ് പന്ത് വലയിലാക്കിയതോടെ നീലപ്പട വിജയമുറപ്പിക്കുകയായിരുന്നു
മുംബയ് ആദ്യമായാണ് ഐ.എസ്.എല്ലിന്റെ ഫൈനലിൽ കടക്കുന്നത്. ഇത്തവണ ഐ.എസ്.എൽ ഷീൽഡ് സ്വന്തമാക്കിയതും മുംബയ് ആയിരുന്നു. ആദ്യപാദത്തിൽ ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു.
നേരത്തേ മുംബയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ ആറ് മിനിട്ടിനുള്ളിൽ രണ്ട് കോർണർ നേടിയെടുത്ത് അവർ ഗോവയെ ഞെട്ടിച്ചു. എന്നാൽ ആദിൽ ഖാന്റെ നേതൃത്വത്തിൽ ഗോവൻ പട അപകടം ഒഴിവാക്കി. തുടർന്ന് ഗോവയും ആക്രമണങ്ങൾ മെനഞ്ഞെടുത്തു. 25-ാം മിനിട്ടിൽ മുംബയ് ക്യാപ്ടൻ ഒഗ്ബച്ചെ ഗോവൻ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. രണ്ടാം പകുതിയിൽ ഗോവ കൂടുതൽ ആക്രമണകാരികളായി എന്നാൽ മുംബയ് ഗോളി അമരീന്ദർ തകർപ്പൻ സേവുകളുമായി അവർക്ക് വിലങ്ങുതടിയായി.
47-ാം മിനിട്ടിൽ ഗോവയുടെ ജെസു രാജിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. തുടർന്ന് ഗോവ ആക്രമിച്ചു കയറിക്കൊണ്ടിരുന്നു. 54-ാം മിനിട്ടിൽ സേവ്യറിന്റെ ഷോട്ട് അമരീന്ദർ തട്ടിയകറ്റി. മുംബയുടെ ലേ ഫോൺട്രേയുടെ ശ്രമം ആദിൽ ഖാൻ നിർവീര്യമാക്കി.പിന്നീടും ഇരു ടീമുകളുടേയും ഗോൾ ശ്രമങ്ങളും ലക്ഷ്യം കാണാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.