womens-day

ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരത്തെ വി.എസ്.എസ്.സി /ഐ.ഐ.എസ്.യു. കേന്ദ്രങ്ങൾ ചേർന്ന് അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. ഇന്നു വൈകുന്നേരം 7 മണിക്ക് ഓൺലൈനിൽ സമാപന സമ്മേളനം നടന്നു. പദ്മഭൂഷൺ ശ്രീമതി കെ. എസ്. ചിത്രയെ ചടങ്ങിൽ ആദരിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് മുൻനിരയിൽ പ്രവർത്തിച്ച എല്ലാ സ്ത്രീജനങ്ങൾക്കും ആശുപത്രി മുതൽ ലാബുകൾ വരെ, ആശാവർക്കർ മുതൽ കമ്മ്യൂണിറ്റി കിച്ചൺ വരെ, പൊതുപ്രവർത്തകർ മുതൽ സമാധാനപാലകർ വരെയുള്ളവരോട് കടപ്പാട് അറിയിച്ചുകൊണ്ട് ശ്രുതിമധുരമായ ശബ്ദത്തിൽ 'ലോകം മുഴുവൻ സുഖം പകരാനായി സ്‌നേഹദീപമേ...'-എന്ന ഗാനം ആലപിച്ചാണ് തന്റെ സന്ദേശത്തിൽ നിന്ന് ശ്രീമതി കെ.എസ്. ചിത്ര വിരമിച്ചത്.

യോഗത്തിൽ കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടന സന്ദേശം നൽകി. 'എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദൈവം വസിക്കുന്നു എന്ന സംസ്‌കൃത സൂക്തം'- ഒരിക്കൽ കൂടെ ഓർമ്മപ്പെടുത്തിക്കൊണ്ട് ആരംഭിച്ച യോഗത്തിൽ വർഷത്തിലെ ഒരു ദിവസം മാത്രമല്ല എല്ലാ ദിവസവും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കണമെന്ന് അദ്ദേഹം ബോദ്ധ്യപ്പെടുത്തി. എസ്.ടി.എസ്. പ്രോഗ്രാം ഡയറക്ടറും ഐ.ഡബ്ല്യൂ.ഡി-2021 ചെയർപേഴ്‌സണുമായ ഡോ. എസ്. ഗീത സ്വാഗത പ്രസംഗം നടത്തി.

ആർഷഭാരത സംസ്‌കാരത്തിൽ സ്ത്രീ എന്നും ശക്തിയുടെ ഒരു പര്യായമായിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സ്ത്രീയുടെ പലകാര്യങ്ങൾ ഒരേ സമയം ചെയ്യാനുള്ള കഴിവ്, വേഗത, സമഗ്രവീക്ഷണം എന്നിവ മഹാമാരി ഒരു പരിധി വരെ പിടിച്ചുനിർത്താൻ ലോകമെമ്പാടും സഹായിച്ചു എന്ന് ഓർമ്മപ്പെടുത്തി. ചടങ്ങിൽ വി.എസ്.എസ്.സി ഡയറക്ടർ ശ്രീ.എസ്. സോമനാഥ് അദ്ധ്യക്ഷപ്രസംഗം നടത്തി. വി.എസ്.എസ്.സി.യിലെ സ്ത്രീ പങ്കാളിത്തത്തെ പ്രശംസിച്ചുകൊണ്ട് ആരംഭിച്ച പ്രസംഗത്തിൽ വനിത ദിനം പോലുള്ള കൂട്ടായ്മകൾ മാനസിക വൈകാരിക പിന്തുണയ്ക്ക് ഉപകരിക്കുമെന്നും നവാഗതരെ കൂടി ചേർത്തുനിർത്തി അവരുടെ പ്രശ്‌നങ്ങളെ പരിഹരിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തദവസരത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പ്രത്യേക സന്ദേശം നൽകി. നമ്മുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ യത്‌നിക്കുന്നതിനോടൊപ്പം തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റപ്പെട്ടവരെ കൂടി അവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങൾ അർത്ഥവത്താകുന്നത്. സ്ത്രീ ശാസ്ത്രജ്ഞരോട് അടുത്തുള്ള വിദ്യാലയങ്ങളിൽ പോയി അവിടുത്തെ പെൺകുട്ടികളെ ശാസ്ത്രസാങ്കേതിക രംഗത്തേക്ക് കടന്നുവരാൻ ആഹ്വാനം നടത്തണമെന്ന് അഭിപ്രായപ്പെട്ടാണ് കളക്ടർ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഐ.ഐ.എസ്.യു. ഡയറക്ടർ ഡോ. സാം ദയാല ദേവ്, അസോസിയേറ്റ് ഡയറക്ടർമാരായ ശ്രീ. റോയ് എം ചെറിയാൻ, ഡോ. എസ്.സി. ശർമ്മ, ചീഫ് കൺട്രോളർ ഡോ. ബിജു ജേക്കബ്, ഡെപ്യൂട്ടി ഡയറക്ടർ എം.എസ്.എ. ശ്രീമതി അതുലാ ദേവി എന്നിവർ പ്രസംഗിച്ചു. ‘Women in Leadership: Achieving an equal future in a Covid 19 world’ (നേതൃത്വത്തിൽ സ്ത്രീ സാന്നിദ്ധ്യം: കൊവിഡ് 19 ലോകത്ത് ഒരു തുല്യ ഭാവി കൈവരിക്കാൻ) എന്ന പ്രമേയത്തെ ആസ്പദമാക്കി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിൽ സ്ത്രീ ജീവനക്കാരുടെ കരകൗശല വസ്തുക്കളുടെയും സർഗ്ഗ സൃഷ്ടികളുടെയും
മികച്ച നേട്ടങ്ങളുടെയും പ്രദർശനം നടത്തപ്പെട്ടു.