
വാസ്‌തുവിനെ പറ്റിയുളള ഗവേഷണങ്ങളിൽ ഏറ്റവും നൂതനമെന്ന് വിശേഷിപ്പിക്കാവുന്നതാണ് പിരിയൻ രൂപത്തിന്റെ ശ്രദ്ധേയമായ സാന്നിദ്ധ്യം. വീട് ഇഷ്ടമുളള ഫാഷനിലോ ആകൃതിയിലോ വയ്‌ക്കാം. എങ്ങനെ വച്ചാലും അത് പിരിയൻ രൂപത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കണം. പിരിയൻരൂപമെന്ന് പറയുമ്പോൾ ഡി.എൻ.എയുടെ ഏകദേശ രൂപമെന്ന് പറയാം. അത് പലവിധത്തിൽ വിന്യസിക്കാം. പിരിയൻരൂപത്തിലേയ്‌ക്ക് വീടിനെ മാറ്റുമ്പോൾ ഭിത്തി കെട്ടുമുതലാണ് ചെയ്യേണ്ടത്. 90 ഡിഗ്രിയിൽ വ്യതിചലിക്കാത്ത തെക്കുപടിഞ്ഞാറിലാണ് ഇത് ചെയ്യേണ്ടത്. ഭിത്തി കെട്ടി കഴിഞ്ഞ് ലിന്റൽ വാർക്കുമ്പോൾ തെക്കു പടിഞ്ഞാറ് ഭാഗത്ത് അരസെന്റീ മീറ്റർ ഉയരം കൂടുതൽ നൽകണം. എന്നാൽ പൊതുവെ കാണുമ്പോൾ ആ ഭാഗം ഉയർന്നിരിക്കുന്നതായി തോന്നുകയില്ല. ലിന്റൽ വാർത്ത് കഴിഞ്ഞ് ആദ്യവാർപ്പിൽ സസൂഷ്‌മം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യവാർപ്പിൽ കമ്പികൾ കെട്ടുമ്പോൾ തെക്കുപടിഞ്ഞാറിൽ എൽ -ആകൃതിയിൽ കെട്ടുന്ന കമ്പിയുടെ ഗേജ് ഉയർത്തണം.അല്ലെങ്കിൽ ചെറിയ കമ്പികൾ കൂടുതലായി കെട്ടണം.
കമ്പികൾക്കിടയിൽ മൂന്നോ നാലോ ക്രോസിംഗുകൾ സമചതുരാകൃതിയിൽ മുറിച്ച് വയ്‌ക്കാം. ഇതോടെ തെക്കുപടിഞ്ഞാറിൽ കെട്ടുന്ന കമ്പി എൽ ആകൃതിയിൽ നിന്ന് സമചതുരത്തിലേയ്‌ക്ക് മാറും. വാർക്കുമ്പോൾ ഈ സമചതുര കോണിൽ ലിൻഡലിൽ ചെയ്‌തപോലെ അരസെന്റീമീറ്റർ കനത്തിൽ കൂടുതൽ കോൺക്രീറ്റ് ഇടുകയും വേണം. അപ്പോൾ താഴെ നിന്ന് അളവെടുത്താൽ വാർത്ത് കഴിയുമ്പോൾ തെക്കുപടിഞ്ഞാറ് മൂല മൊത്തത്തിൽ ഒന്നോ ഒന്നേകാൽ സെന്റീമീറ്ററോ ഉയർന്നിരിക്കും.വാർപ്പിന് വെള്ളമൊഴിക്കുമ്പോൾ തെക്കുപടിഞ്ഞാറിൽ നിന്നുളള വെളളം വടക്ക് കിഴക്കേ ഭാഗത്തേയ്‌ക്ക് ഒഴുകി മാറുന്നുവെങ്കിൽ അത് പിരിയൻ ഭാവത്തിലേയ്‌ക്ക് വീട് മാറിയെന്നതിന്റെ തെളിവാണ്. പടിഞ്ഞാറേയ്‌ക്കോ കിഴക്കോട്ടോ ആണ് വെള്ളം ഒഴുകുന്നതെങ്കിൽ പിരിയൻ രൂപ നിർമ്മാണത്തിൽ പാകപ്പിഴയുണ്ടായി എന്ന് തീരുമാനിക്കാം. അങ്ങനെയുണ്ടായാൽ അത് രണ്ടു നിലകളുണ്ടെങ്കിൽ അത് കെട്ടുന്നതുമുതൽ പരിഹരിക്കാം. രണ്ടാമത്തെ നിലയിലും സമാനമായി ഓരോ സെന്റിമീറ്റർ വീതം ഉയർത്തി മേൽപ്പറഞ്ഞ അതേതരത്തിൽ ചെയ്യണം. രണ്ടാമത്തെ നില പണിതു കഴിഞ്ഞ് കൃത്യം കന്നിമൂലയിൽ തന്നെ വാട്ടർടാങ്കും വയ്‌ക്കണം. വീട് തേയ്‌ക്കുന്നതിന് മുൻപ് തന്നെ വാട്ടർ ടാങ്ക് വച്ചാൽ ഊർജവിതാനം ഒഴുകി ആരംഭിക്കുന്നത് ഏറ്റവും കൃത്യതയോടെ ആയിരിക്കും. തറ വാർക്കുമ്പോഴും ശ്രദ്ധിക്കണം. താഴെ തെക്കുപടിഞ്ഞാറ് കാൽ സെൻറിമീറ്റർ നീളം അധികമായി നൽകണം . വടക്കുകിഴക്കേ ഭാഗത്തേയ്‌ക്ക് ലോപിച്ചു പോകുന്നവിധം വേണം തറ കോൺക്രീറ്റ് ചെയ്യേണ്ടത്. ഇലക്ട്രിക്കൽ ലെെനുകൾ തറയിൽ കൂടി വിടുന്നുണ്ടെങ്കിൽ അത് കഴിഞ്ഞ് തറവാർക്കുന്നതാണ് ഉചിതം. അളവുകളിൽ മാറ്റം വരാതെ നോക്കാനാവും.
തെക്കുപടിഞ്ഞാറെ മൂലയിലല്ലാതെ ഒരിടത്തും ഇത്തരത്തിൽ തറയോ ലിന്റലോ ഉയർത്തി കെട്ടരുത്. അത് പിരിയൻ രൂപത്തെ ഇല്ലാതാക്കുമെന്ന് മാത്രമല്ല വലിയ ദോഷങ്ങൾക്ക് ഇടയാക്കുമെന്നാണ് ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നത്. തള്ളലുകൾ വയ്‌ക്കുമ്പോൾ ഫൗണ്ടേഷൻ താഴെസമാനമായി ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം..തൂണുകൾ വയ്‌ക്കുമ്പോൾ വൃത്താകാരത്തിലുളളത് ചെയ്യണം. വരാന്തയും വൃത്താകാരത്തിലുള്ള തൂണുകളും ഏറെ വാസ്തു ബലം പ്രദാനം ചെയ്യുന്നതാണ്.വസ്‌തുവിലെ മരങ്ങൾക്ക് സമാനമാണ് വീട്ടിൽ വൃത്താകാരത്തിലുള്ള തൂണുകൾ. മരങ്ങൾ ഏത് തരത്തിൽ ഉൗർജാഗിരണം നടത്തുന്നുവോ അതേ മാതൃക തന്നെ ഇവിടെയും സംഭവിക്കുന്നു. മോശമായ പ്രാപഞ്ചികോർജത്തെ അനുകൂല ഉൗർജമാക്കാൻ മരങ്ങൾക്ക് ശേഷിയുണ്ട്. അതു പോലെ വൃത്താകാര തൂണുകൾക്കും നല്ല ഫലം പ്രദാനം ചെയ്യാനാകും. ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വൃത്താകാര തൂണുകളാണ്. അതിൻറെ പിന്നിലും വലിയ ശാസ്ത്ര സത്യമുണ്ട്.
(പിരിയൻ രൂപത്തിന്റെ ബാക്കി ആടുത്ത ആഴ്‌ച)