moly-murder

കൊച്ചി: പറവൂർ പുത്തൻവേലിക്കര മോളി വധക്കേസ് പ്രതിക്ക് വധശിക്ഷ. അസം സ്വദേശിയായ പരിമൾ സാഹുവിനാണ് പറവൂർ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 2018 മാർച്ച് 18നാണ് ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളി കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചുകയറി മോളിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി, എതിർത്തപ്പോൾ കൊലപ്പെടുത്തുകയായിരുന്നു.

ഐ.പി.സി സെക്ഷൻ 376 എ പ്രകാരമാണ് കോടതി വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം തടവും പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10000 രൂപ പിഴയും വിധിച്ചു. പിഴത്തുക മോളിയുടെ ഭിന്നശേഷിക്കാരനായ മകൻ ഡെനിക്ക് (അപ്പു32) നൽകാനാണ് ഉത്തരവ്.

ഏഴ് മാസത്തോളം മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് പരിമൾ വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവ ദിവസം പുലർച്ചെ വീടിനു മുന്നിലെ ലൈറ്റ് അഴിച്ചുമാറ്റിയ ശേഷം പ്രതി കോളിങ് ബെല്ലടിച്ചു. മോളി വാതിൽ തുറന്നപ്പോൾ അകത്തുകടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു.എന്നാൽ പീഡനശ്രമം ചെറുത്തതോടെ പ്രതി മോളിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മോളിയുടെ മൃതദേഹം മുറിയിൽ കട്ടിലിന്റെയും ഭിത്തിയുടെയും ഇടയിൽ ചോരയിൽ കുളിച്ചനിലയിലായിരുന്നു അയൽവാസികൾ കണ്ടെത്തിയത്. കഴുത്തിൽ കുരുക്കിട്ടിരുന്നു. തലയിൽ ആഴത്തിലുള്ള മുറിവുകളും കണ്ടു. പൊലീസും നാട്ടുകാരുമെത്തിയപ്പോൾ പിടിയിലായ പരിമളും സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിനിടെ മോളിയുടെ മകൻ ഡെനി പരിമളിന്റെ പേര് പലവട്ടം പറയുന്നതു കേട്ടാണ് പൊലീസ് അയാളെ ചോദ്യം ചെയ്തതും പ്രതി പിടിക്കപ്പെട്ടതും.