
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയെ ഇന്ന് വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം. ദിലീപിന്റെ സഹോദരൻ അനൂപ്, മാപ്പുസാക്ഷി വിപിൻലാൽ എന്നിവരെയും ഇന്ന് വിസ്തരിക്കും.
കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കുന്നെന്നാരോപിച്ചായിരുന്നു പ്രോസിക്യൂഷൻ ദിലീപിനെതിരെ ഹർജി നൽകിയത്. ചലച്ചിത്ര താരങ്ങളടക്കമുള്ള ചില പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയിരുന്നു.
2017 ഫെബ്രുവരി 17 നാണ് കൊച്ചിയിലേക്ക് ഷൂട്ടിംഗിനു വന്ന യുവനടിയെ ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ള പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയത്. പിന്നീടു നടത്തിയ തുടരന്വേഷണത്തിൽ നടൻ ദിലീപ് നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.