mv-jayaraj

കണ്ണൂർ: പി ജയരാജന്റെ സ്ഥാനാർത്ഥിത്വ വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന സി പി എം നേതാവ് എം വി ജയരാജൻ. പി ജെ ആർമിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം പി ജെ ആർമി പ്രചാരണങ്ങളിൽ പി ജയരാജന് പങ്കില്ലെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.

പി ജയരാജന്റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധമാണെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തിരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് ഏത് ചുമതല നൽകണം എന്നത് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. പി ജെ ആർമി എന്ന പേരിൽ നവമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല, തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.