vijayaraghavan

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷനും റിസർവ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബി ജെ പി വരുതിയിലാക്കിയിട്ടുണ്ടെന്നും ഇനി ജുഡീഷ്യറിയേ ബാക്കിയുളളൂവെന്നും സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സി പി എം മുഖപത്രത്തിൽ എഴുതിയ 'അന്വേഷണ ഏജൻസികൾ ബി ജെ പിയുടെ ക്വട്ടേഷൻ സംഘമോ' എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ ആരോപണം.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്‌നയുടെ രഹസ്യമൊഴിയെന്നും എന്നാലത് ചീറ്റിപ്പോയെന്നും വിജയരാഘവൻ പറഞ്ഞു. ചില മാദ്ധ്യമങ്ങൾക്ക് വലിയ തലക്കെട്ടും ബ്രേക്കിംഗും ആയതൊഴിച്ചാൽ ജനങ്ങൾക്കു മുമ്പിൽ അന്വേഷണ ഏജൻസിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാവുകയാണുണ്ടായതെന്ന് വിജയരാഘവൻ പറയുന്നു.

നീതിപൂർവമായ തിരഞ്ഞെടുപ്പ് അസാദ്ധ്യമാക്കുന്ന രീതിയിൽ കേന്ദ്ര ഏജൻസികളെ തുടലഴിച്ചുവിട്ടതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ അന്വേഷണം തടയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണമെന്നും അതിൽ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബി ജെ പിയുടെയും കോൺഗ്രസിന്റെയും ദേശീയ നേതാക്കൾ ഒരുപോലെയാണ് സംസാരിക്കുന്നത്. ഞായറാഴ്ച അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുൽഗാന്ധി ആരോപിച്ചതും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ അവതരിപ്പിക്കണമെന്ന് തർക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബി ജെ പിക്ക് 2016ൽ ഏക സീറ്റ് കിട്ടിയതെങ്ങനെയെന്ന് വിശദീകരിക്കേണ്ടതില്ല. ബി ജെ പി ജയിച്ച നേമത്ത് യു ഡി എഫിന് കെട്ടിവച്ച കാശ് കിട്ടിയില്ല. വോട്ടുമറിക്കൽ സുഗമമാക്കാൻ സ്ഥാനാർത്ഥിയെ കോൺഗ്രസ് നിർത്തിയില്ല. ബി ജെ പി ജയിച്ചത് അവർ തമ്മിൽ രഹസ്യധാരണയുളളതുകൊണ്ടായിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.

തിരുവനന്തപുരത്തെ പ്രസംഗത്തിൽ അമിത് ഷാ സ്വര്‍ണക്കടത്തിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2020 ജൂലായിലാണ് നയതന്ത്ര ബാഗേജ് വഴിയുളള കളളക്കടത്ത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുളള എൻ ഐ എ അന്വേഷിക്കാൻ തുടങ്ങിയത്. വിദേശത്തുനിന്ന് സ്വർണം ഇങ്ങോട്ടയച്ച പ്രധാനപ്രതിയെന്ന് എൻ ഐ എയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോഴും ദുബായിൽ സുഖമായി കഴിയുന്നു. എന്തുകൊണ്ട് ഈ പ്രതിയെ പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നില്ലെന്നും വിജയരാഘവൻ ചോദിച്ചു.