shoes

ലോകോത്തര നിലവാരമുള്ള ഷൂ ബ്രാന്റുകളിലൊന്നാണ് അഡിഡാസ്. വൈവിദ്ധ്യങ്ങളായ ഒട്ടനേകം ഷൂസുകൾ അഡിഡാസിന്റെ ശ്രേണിയിൽ കാണാൻ കഴിയും. വിവിധ തരത്തിലുള്ള, വിവിധ ആവശ്യങ്ങൾക്ക് കസ്റ്റമറുടെ ഇഷ്ടാനുസരണം ഡിസൈൻ ചെയ്ത് നൽകുന്ന നിരവധി ഷൂസുകൾ അഡിഡാസിന്റെ ശ്രേണിയിലുണ്ട്. അതേസമയം, എസ്റ്റോണിയൻ റാപ്പറായ ടോമി ക്യാഷ് അഡിഡാസിലെ ജീവനക്കാരോട് തനിക്ക് ലോകത്തെ ഏറ്റവും നീളമുള്ള ഷൂ വേണം എന്നാവശ്യപ്പെട്ടപ്പോൾ കേട്ടവരെല്ലാം നിസ്സാരമായി ചിരിച്ചു തള്ളുകയാണ് ചെയ്തത്. എന്നാൽ, അഞ്ച് മാസങ്ങൾക്ക് ശേഷം അഡിഡാസ് എത്തിയത് ലോകത്തെ ഏറ്റവും നീളമുള്ള ഷൂവുമായിട്ടാണ്.

അഡിഡാസിന്റെ പുതിയ സൂപ്പർസ്റ്റാർ കളക്ഷൻ ശ്രേണിയിലാണ് ലോകത്തെ ഏറ്റവും നീളം കൂടിയ ഷൂ അവതരിപ്പിച്ചിരിക്കുന്നത്. ഇരു കാലുകൾക്കുമുള്ള ഷൂവിന് രണ്ട് നിറമാണ്. ഇടതു കാലിനുള്ള ഷൂ വെളുപ്പ് നിറത്തിലും വലത് കാലിനുള്ള ഷൂ കറുപ്പ് നിറത്തിലും. ഷൂ ലേസ് കെട്ടാനായി നാല്പത് നിര ദ്വാരങ്ങളാണ് ഏകദേശം 1 മീറ്ററിനടുത്ത് ദൈർഘ്യമുള്ള ഷൂവിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ടോമി ക്യാഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ അഡിഡാസ് തനിക്കായി പ്രത്യേകം തയ്യാറാക്കിയ വ്യത്യസ്തമായ ഷൂ ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ, അഡിഡാഡ് ഇങ്ങനെ ഒരു കടുംകൈ ചെയ്തത് എന്തിനാണെന്ന തരത്തിലാണ് ഈ പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങൾ. സാമൂഹിക അകലം പാലിക്കുന്ന ഷൂ എന്ന ആശയത്തിലാണോ ഈ ഷൂ നിർമ്മിച്ചത് എന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. "എന്റെ ജീവിതത്തിലുടനീളം ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ കാര്യങ്ങളിലൊന്നാണ് ഈ ഷൂ. ഇവ രൂപകൽപ്പന ചെയ്തയാളെ അഡിഡാസ് കമ്പനി പുറത്താക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു," എന്നാണ് ഒരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചത്.

സാമൂഹിക അകലം പാലിക്കാൻ പഠിപ്പിക്കുന്ന ഷൂ
ലോകത്തെ ഏറ്റവും നീളമുള്ള ഷൂ നിർമ്മിച്ചത് അഡിഡാസ് ആണെങ്കിലും കഴിഞ്ഞ വർഷം സാമൂഹിക അകലം പാലിക്കാൻ പഠിപ്പിക്കുന്ന മറ്രൊരു ഷൂ വൈറലായിരുന്നു. ഷൂ നിർമ്മാണത്തിൽ പ്രാഗത്ഭ്യം തെളിയിച്ച റൊമാനിയക്കാരായ ഗ്രിഗോറി ലപ്പ് ആണ് ഈ ഷൂസ് നിർമ്മിച്ചത്. ട്രാൻസിൽവാനിയൻ നഗരമായ ക്ലൂജിൽ നടക്കാനിറങ്ങിയ ഗ്രിഗോറി മാർക്കറ്റിൽ തിങ്ങി ഞെരുങ്ങി നിൽക്കുന്ന ആൾക്കാരെ ശ്രദ്ധിച്ചു. ഇതോടെയാണ് സാമൂഹിക അകലം ഉറപ്പിക്കുന്ന ഷൂ എന്ന ആശയം പ്രാബല്യത്തിൽ വരുത്തിയത്.