
കൊച്ചി: പാലക്കാട്ടുകാരൻ ഏലാട്ടുവളപ്പിൽ ശ്രീധരൻ എന്ന ഇ.ശ്രീധരൻ മറ്റൊരു പേരിലാണ് നാട്ടിലാകെ ആദരവോടെ അറിയപ്പെടുന്നത്. ഇന്ത്യയുടെ സ്വന്തം മെട്രോമാൻ. സൂപ്പർമാനെയും സ്‌പൈഡർമാനെയും പോലെ അമാനുഷികനല്ല എന്നാൽ അസാദ്ധ്യമെന്ന് കരുതിയത് പലതും തന്റെ വാസ്‌തുശിൽപ പ്രതിഭ കൊണ്ട് നിഷ്‌പ്രയാസം സാദ്ധ്യമാക്കിയയാളാണ് ഇ.ശ്രീധരൻ. രാജ്യം പദ്‌മശ്രീ നൽകി ആദരിച്ച അദ്ദേഹം 2021 ഫെബ്രുവരിയിൽ താൻ രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ഇടത് വലത് മുന്നണികൾ ഞെട്ടി. കാരണം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അദ്ദേഹമായിരിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെയാണ്.
പാലക്കാട് ജില്ലയിൽ 1932 ജൂൺ 12നാണ് രാജ്യം മുഴുവൻ ആദരിക്കുന്ന വാസ്‌തുശിൽപിയായ ഇ.ശ്രീധരൻ ജനിച്ചത്. ചാത്തന്നൂർ എൽ.പി സ്‌കൂൾ, ബിഇഎം ഹൈസ്‌കൂൾ, കാക്കിനട എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. മുൻ മുഖ്യ ഇലക്ഷൻ കമ്മീഷൻ ടി.എൻ ശേഷൻ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. കുറച്ച് കാലം കോളേജ് ലക്ചറായും, കോഴിക്കോട് ഗവ പോളിയിലെ അദ്ധ്യാപകനായും, ബോബെ പോർട്ട് ട്രസ്‌റ്റിലും ശ്രീധരൻ ജോലി ചെയ്‌തു. 1953ൽ റെയിൽവെയിലെ ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിൽ ചേർന്നു. തുടർന്നങ്ങോട്ട് ഇന്ത്യൻ റെയിൽവെയുടെയും പൊതുഗതാഗതത്തിന്റെയും മുഖം തന്നെ മാറ്റിയ കൊങ്കൺ റെയിൽവെ, ഡൽഹി മെട്രോ, കൽക്കത്ത മെട്രോ എന്നിവയുടെ ആരംഭത്തിന് അദ്ദേഹം കാരണക്കാരനായി.
1953 ഡിസംബറിൽ സതേൺ റെയിൽവെയിൽ പ്രൊബേഷനറി ഓഫീസറായാണ് അദ്ദേഹം ജോലി ആരംഭിച്ചത്. 1964ൽ പാമ്പൻ പാലം തകർന്നപ്പോൾ അത് പുനർനിർമ്മാണത്തിന് റെയിൽവെ ശ്രീധരനെയാണ് ഏൽപ്പിച്ചത്. ആറ് മാസം കൊണ്ട് പൂർത്തിയാകും എന്ന് കരുതിയിരുന്ന പാലം വെറും 46 ദിവസംകൊണ്ട് കുറ്റമറ്റ രീതിയിൽ ശ്രീധരൻ പൂർത്തിയാക്കി.നിരവധി അഭിനന്ദനങ്ങളാണ് ഈ നേട്ടത്തിന് ശ്രീധരന് ലഭിച്ചത്. തുടർന്ന് 1970ൽ കൊൽക്കത്ത മെട്രോയുടെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി അദ്ദേഹം നിയമിതനായി. മെട്രോയുടെ ആസൂത്രണം,രൂപകൽപന എന്നിവ ഏൽപ്പിച്ചു. ഈ പദ്ധതി കൃത്യമായി പൂർത്തിയാക്കുക മാത്രമല്ല ആധുനിക ഇൻഫ്രാസ്‌ട്രക്‌ചർ എഞ്ചിനീയറിംഗിന് രാജ്യത്ത് അദ്ദേഹം അടിത്തറയിടുകയും ചെയ്‌തു.
പിന്നീട് ശ്രീധരന്റെ ശ്രദ്ധേയമായ സംഭാവന പുറത്തറിഞ്ഞത് കൊച്ചിൻ ഷിപ്പ് യാർഡിലെ പ്രവർത്തനത്തിലൂടെയാണ്. 1979 ഒക്‌ടോബറിൽ കപ്പൽശാലയുടെ ചെയർമാനും എം.ഡിയുമായി അദ്ദേഹം നിയമിതനായി. കേന്ദ്ര സർക്കാർ പോലും എഴുതിത്തളളിയ കപ്പൽശാലയായിരുന്നു കൊച്ചിയിലേത്. എം.വി റാണിപദ്‌മിനി എന്ന കപ്പൽ നിർമ്മാണം ഏറെനാൾ വൈകിയതായിരുന്നു ഇതിന് കാരണം. ശ്രീധരൻ 1981ൽ ഈ കപ്പൽ നിർമ്മാണം പൂർത്തിയാക്കി നീറ്റിലിറക്കി.1990 ജൂണിൽ റെയിൽവെയിൽ നിന്ന് വിരമിച്ചു.
തുടർന്ന് കൊങ്കണിലാണ് അദ്ദേഹത്തിന്റെ സേവനമുണ്ടായത്. ഗോവയിലെ സുവാരി നദിക്ക് കുറുകെ പാലം യാഥാർത്ഥ്യമായതോടെ കൊങ്കൺപാതക്ക് തുടക്കമായി. കൊങ്കൺ റെയിൽവെ സിഎംഡിയായി അദ്ദേഹം നിയമിതനായതോടെ ഏഴ് വർഷത്തിനുളളിൽ കൊങ്കൺ റെയിൽവെ പൂർണമായും യാഥാർത്ഥ്യമായി.
തുടർന്ന് ഡൽഹി മെട്രോയുടെ എം.ഡിയായ ശ്രീധരൻ 1997 പകുതിയിൽ ഷെഡ്യൂൾ എല്ലാം പൂർത്തിയായി. ഇതോടെ ഇന്ത്യയുടെ 'മെട്രോമാൻ' എന്ന പേര് അദ്ദേഹത്തിന് ലഭിച്ചു. 2002 ഫ്രാൻസ് അദ്ദേഹത്തിന് നൈറ്റ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ നൽകി ബഹുമാനിച്ചു. 2005ൽ വിരമിക്കും പ്രഖ്യാപനം. രണ്ടാംഘട്ടം പൂർത്തിയാക്കി.
കേരളത്തിന്റെ ആദ്യ മെട്രോ പദ്ധതിയായ കൊച്ചി മെട്രോയിൽ പ്രിൻസിപ്പൽ അഡ്വൈസർ ആയി അദ്ദേഹം നിയമിതനായി. നാല് വർഷം കൊണ്ട് 2017ഓടെ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. അതുവരെ സജീവ രാഷ്‌ട്രീയത്തിൽ ഇടപെടാത്ത ഇ,ശ്രീധരൻ 2021ൽ തിരഞ്ഞെടുപ്പിന് മുൻപായി ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുകയാണ്. ബിജെപി സംസ്ഥാന കമ്മിറ്റിയിലെ ഏക പുതുമുഖം.ശ്രീധരനെ തിരഞ്ഞെടുപ്പിൽ ജനം സ്വീകരിക്കുമോ എന്നുളളത് ഇനി കാത്തിരുന്ന് കാണേണ്ടതാണ്.