
കൊച്ചി : സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും കോർപ്പറേഷനുകളിലും സർക്കാർ നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകൾക്ക് മൂന്നാഴ്ചയ്ക്കകം നിർദ്ദേശം നൽകണമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്‌മെന്റിൽ (ഐ.എച്ച്.ആർ.ഡി) വർഷങ്ങളായി താല്കാലിക ജീവനക്കാരായി ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവർ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. നേരത്തെ ഇതേയാവശ്യം ഉന്നയിച്ചു ഇവർ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾബെഞ്ച് തള്ളിയിരുന്നു.
കർണാടക സർക്കാർ ഉമാദേവി കേസിലാ സുപ്രീം കോടതി വിധി പ്രകാരം താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇത്തരത്തിൽ നിർദ്ദേശം നൽകാനായി ചീഫ് സെക്രട്ടറിയെ ഹൈക്കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു. വിധിയുടെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഐ.എച്ച്.ആർ.ഡി യിൽ താല്കാലികമായി ജോലി ചെയ്തിരുന്ന ചിലരെ സ്ഥിരപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ വാദം ഉന്നയിച്ചത്. ഒരു തസ്തികയിൽ ദീർഘകാലം ജോലി ചെയ്യുന്നതിന്റെ പേരിൽ സ്ഥിരപ്പെടുത്തണമെന്ന അവകാശം ഉന്നയിക്കാൻ കഴിയില്ലന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി വിശദീകരിച്ചു. സർക്കാർ, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, പൊതമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളേപ്പോലുള്ള സ്വയം ഭരണ സ്ഥാപനങ്ങൾ, പ്രത്യേക ആവശ്യത്തിനായി രൂപം നൽകിയ എസ്.പി.വി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ) സർക്കാരുമായി ബന്ധപ്പെട്ട് പൊതു പ്രാധാന്യമുള്ള സ്ഥാപനങ്ങൾ തുടങ്ങിയവയിലൊന്നിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി ഉമാദേവി കേസിൽ പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി വിധി കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും ബാധകമാണ്. അതിനാൽ ഈ സ്ഥാപനങ്ങൾക്കും ഇവയുടെ മേലധികാരികൾക്കും നിർദ്ദേശം നൽകാനാണ് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഐ.എച്ച്. ആർ.ഡിയിൽ സ്ഥിരപ്പെടുത്തിയവരെ കേസിൽ കക്ഷിയാക്കിയിട്ടില്ലാത്തതിനാൽ ഇവരെ സ്ഥിരപ്പെടുത്തിയ നടപടിയിൽ ഇടപെടുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താല്കാലികമായി ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്തിയ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ചില ഹർജികൾ ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ പരിഗണനയിൽ ഇപ്പോഴുമുണ്ട്. മാർച്ച് 18 ന് ഈ ഹർജികൾ പരിഗണനയ്ക്കു വരും. ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നതോടെ ആ ഹർജികൾക്കും ഇതു ബാധകമാവും.