
ബി.ജെ.പിയുടെ ബംഗാളിലെ തിരഞ്ഞെടുപ്പ് ചുമതല ഒരു മലയാളിക്കാണ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി അഖിലേന്ത്യാ സെക്രട്ടറി അരവിന്ദ് മേനോൻ എന്ന പാലക്കാട് സ്വദേശിക്ക്. ബി.ജെ.പിയുടെ സാദ്ധ്യതകൾ അദ്ദേഹം വിലയിരുത്തുന്നു.
ബംഗാളിലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും നേർക്ക് നേർപോരാട്ടത്തിലാണ്. ബംഗാളിൽ അധികാരം പിടിച്ചെടുക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പിയും അതിനെ പ്രതിരോധിക്കാൻ പ്രശാന്ത് കിഷോറിന്റെ ആസൂത്രണത്തോടെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തന്ത്രങ്ങൾ മെനയുന്നു.
ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ സാദ്ധ്യത എന്താണ്?
ബംഗാളിൽ അമിത് ഷായുടെ നേതൃത്വത്തിൽ പാർട്ടി ലക്ഷ്യമിടുന്ന ടാർജറ്റ് 200 പ്ലസ് എന്നതാണ്. ഇത്തവണ ഞങ്ങൾ അത് നേടും. അതിനായി വലിയ പ്രവർത്തന പദ്ധതികളാണ് നടപ്പിലാക്കിയത്. 78,600 ബൂത്തുകളിലെ വീടുകൾ മുഴുവൻ ബി.ജെ.പി പ്രവർത്തകർ നിരവധി പ്രാവശ്യം സന്ദർശിച്ചു കഴിഞ്ഞു. ഓരോ ബൂത്തും കേന്ദ്രീകരിച്ച് പ്രവർത്തനം നടക്കുന്നു. ഇതിനായി 23 ഇന പ്രവർത്തന പദ്ധതികളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ ഡിസംബർ 25, 26, 27 തീയതികളിൽ 'എന്റെ ബൂത്ത് എന്റെ ശക്തികേന്ദ്രം' എന്ന പരിപാടി നടത്തി. പ്രവർത്തകർക്ക് വോട്ടേഴ്സ് ലിസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.
കേന്ദ്ര പദ്ധതികളെക്കുറിച്ച് തൃണമൂലും ബി.ജെ.പിയും തമ്മിൽ വാക് പോര് നടക്കുകയാണല്ലോ?
കിസാൻ സമ്മാൻ നിധി ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികൾ മമത സർക്കാർ ബംഗാളിൽ നടപ്പിലാക്കുന്നില്ല. ഇതിനെതിരെ ബി.ജെ.പി കർഷക പ്രതിഷേധം സംഘടിപ്പിച്ചു. കർഷകരുടെ വീടുകളിൽ നിന്ന് ഒരു നുള്ള് അരി വാങ്ങി കർഷകരെ സംഘടിപ്പിച്ച് നടത്തിയ പ്രക്ഷോഭം വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സ്വഭാവമെന്താണ്?
ദേശീയ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത നിരവധി പ്രചാരണ പരിപാടികളാണ് നടക്കുന്നത്. സംസ്ഥാനത്തെ അഞ്ച് ഭാഗങ്ങളായി തിരിച്ച് അഞ്ച് പരിവർത്തൻ യാത്രകൾ നടന്നു. മൂന്നെണ്ണത്തിന് ജെ.പി.നദ്ദയും രണ്ടെണ്ണത്തിന് അമിത് ഷായുമാണ് പതാക കൈമാറിയത്. മാർച്ച് നാലിന് പരിവർത്തൻ യാത്രകൾ പൂർത്തിയായി. ഇനിയുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനിറങ്ങും.
ഇടതുപക്ഷ കോൺഗ്രസ് മുന്നണിയുടെ സാദ്ധ്യതകൾ?
ഇടതുപക്ഷവും കോൺഗ്രസും കഴിഞ്ഞ പത്തുവർഷമായി ഇവിടെ തന്നെയുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസിനെതിരെ അവർക്ക് ഒന്നും ചെയ്യാനായില്ല. ഇപ്പോഴും ഒന്നും ചെയ്യാൻ കഴിയുന്നില്ല. കാരണം സി.പി.എമ്മും കോൺഗ്രസും തൃണമൂലിന്റെ ബി. ടീമിനെ പോലെയാണ് പ്രവർത്തിക്കുന്നത്. ബംഗാൾ ജനത കോൺഗ്രസിനെയും സി.പി.എമ്മിനെയും പരീക്ഷിച്ച് പുറന്തള്ളിയതാണ്. ഇപ്പോൾ തൃണമൂൽ ഭരണത്തിലും ജനം പൊറുതിമുട്ടിയിരിക്കുന്നു. തങ്ങളുടെ അരി കക്കുന്നവരെന്നാണ് ബംഗാൾ ജനത ഈ സർക്കാരിനെ വിളിക്കുന്നത്. മമതാ ബാനർജിയുടെ സഹോദര പുത്രൻ അഭിഷേക് ബാനർജി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഴിമതിക്കാരനാണ്.
തൃണമൂൽ കോൺഗ്രസ് ഭരണത്തെ എങ്ങനെ കാണുന്നു?
ഭരണത്തിൽ മുഴുവൻ അഴിമതിക്കാരും തീവ്രവാദികളും പിടിമുറുക്കിയിരിക്കുന്നു. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളൊന്നും ഇവിടെ പാടില്ല. ക്രമസമാധാനം ആകെ തകർന്നിരിക്കുന്നു. കേരളത്തിൽ കണ്ണൂർ ജില്ലയിലാണ് അക്രമ രാഷ്ട്രീയമെങ്കിൽ ബംഗാളിൽ എല്ലാ ജില്ലകളിലും അക്രമമാണ്. കുറഞ്ഞ നാളുകൾ കൊണ്ട് 134 ബി.ജെ.പി പ്രവർത്തകരെയാണ് കൊല ചെയ്തത്. ജനങ്ങളാകെ ഈ ഭരണം അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്.
എന്താണ് തിരഞ്ഞെടുപ്പിലെ പ്രതീക്ഷകൾ?
ബി.ജെ.പി ഒഴികെയുള്ള പാർട്ടികളിൽ അമ്മ മകൻ, അച്ഛൻ മകൻ, ദീദി മരുമകൻ ഇങ്ങനെ തങ്ങളുടെ പിന്മുറക്കാരാണ് നേതൃരംഗത്ത് വരുന്നത്. എന്നാൽ ബി.ജെ.പിയിൽ അങ്ങനെയല്ല. അടൽജി, അഡ്വാനി, നരേന്ദ്രമോദി, അമിത് ഷാ, ജെ.പി. നദ്ദ എന്നിവർ വന്നു. അടുത്ത ആൾ ആരെന്ന് ഇപ്പോൾ പറയാനാകില്ല. കുടുംബാധിപത്യവും അഴിമതിയും മൂലം കോൺഗ്രസ് ഭാരതത്തിൽ ചുരുങ്ങി വരികയാണ്. രാജ്യം മുഴുവൻ വ്യാപിക്കുന്നത് ബി.ജെ.പിയാണ്. ജനങ്ങൾക്ക് വിശ്വാസമുള്ള പാർട്ടി ബി.ജെ.പിയാണ്. ഈ പാർട്ടിയെ ബംഗാൾ ജനത കൈവിടില്ല.
കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിനെക്കുറിച്ച്?
കേരളത്തിലെയും ബംഗാളിലെയും രാഷ്ട്രീയത്തിന് ഒരു പാട് സാമ്യതകളുണ്ട്. ബംഗാളിലെ ജനങ്ങൾ ഉപേക്ഷിച്ച ശക്തികളാണ് കേരളത്തിലുള്ളത്. രണ്ട് സംസ്ഥാനത്തും തീവ്രവാദ ശക്തികൾ അഴിഞ്ഞാടുകയാണ്. അതുകൊണ്ട് കേരളവും മാറുക തന്നെ ചെയ്യും. മോദിയുടെ കാഴ്ചപ്പാട് (മാൻ ഓഫ് ഡെവലപിംഗ് ഇന്ത്യ) കേരളം സ്വീകരിക്കണം. അതിലൂടെ വികസനവും പുരോഗതിയും കൈവരിക്കണം.