
കോവളം: മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തി കടന്നെത്തിയ ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിലെ ആറു ജീവനക്കാരെ അന്വേഷണ ഏജൻസിയായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറി. അകർഷദുവ എന്ന ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടും അതിലെ ആറു ജീവനക്കാരെയുമാണ് എൻ.സി.ബി തീരസംരക്ഷണ സേനയിൽ നിന്ന് ഏറ്റുവാങ്ങിയശേഷം മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റുചെയ്‌തത്. പിടിയിലായ ചതുറാണി O3, ചതുറാണി O8 എന്നി മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികളെ അന്വേഷണ ഏജൻസികൾ വിശദമായി ചോദ്യം ചെയ്‌തെങ്കിലും ലഹരി കടത്തുമായി ഇവർക്ക് ബന്ധമില്ലെന്ന് കണ്ടത്തി.
ശ്രീലങ്കൻ അധികൃതരുമായി ബന്ധപ്പെട്ട ശേഷം ഇവരെ ഇന്നോ നാളെയോ ഇന്ത്യൻ സമുദ്രാതിർത്തിയിലെത്തിച്ച് ശ്രീലങ്കൻ സേനയ്‌ക്ക് കൈമാറും. കടലിൽ വലിച്ചെറിഞ്ഞ മക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 2100 കോടി രൂപ വിലവരുമെന്നാണ് കരുതുന്നതെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു. അതിർത്തി കടന്ന് സംശയാസ്പദമായ നിലയിൽ സഞ്ചരിക്കുകയായിരുന്ന ബോട്ടുകൾ വെള്ളിയാഴ്ച രാവിലെ 8.45ന് മിനിക്കോയിക്ക് സമീപത്തുവച്ചാണ് തീരസംരക്ഷണ സേന പിടികൂടിയത്.
കുടുക്കിയത് തുറയ ഫോൺ
വിഴിഞ്ഞം കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ, കപ്പലുകൾ എന്നിവ ആകർഷ ദുവ ബോട്ടിലെ ഓട്ടമറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനത്തിന്റെ ശ്രദ്ധയിൽ വന്നു. ബോട്ടിലുള്ളവർ ഭയന്നു സഞ്ജയ് അന്ന എന്നു പേരുള്ള അവരുടെ തലവനുമായി നിരോധിത 'തുറയ' ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ വേഗം രക്ഷപ്പെടാൻ ആയിരുന്നു നിർദേശം. എന്നാൽ വേഗത്തിൽ പോകാനാകില്ലെന്ന് ഇവർ മറുപടി നൽകി. 5 പാക്കറ്റുകളിലായി വച്ചിരുന്ന 200 കി.ഗ്രാം ഹെറോയിനും 60 കി.ഗ്രാം ഹഷീഷും 'തുറയ' സാറ്റലൈറ്റ് ഫോണും ഇതേത്തുടർന്നു കടലിലേക്ക് എറിഞ്ഞു എന്നാണ് അന്വേഷണ സംഘത്തിനു ക്യാപ്ടൻ നൽകിയ മൊഴി.
തുറയ സാറ്റലൈറ്റ് ഫോണുകൾ സെൽ ഫോണുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. അതിൽ ജിപിഎസ് റിസീവർ ഉണ്ട്, അത് 100 മീറ്റർ കൃത്യതയോടെ സ്ഥാനം നിർണയിക്കുന്നു. റഷ്യയുടെ 1/3 പ്രദേശങ്ങളിൽ ആശയവിനിമയം ലഭ്യമാണ്.