
എല്ലാ മനുഷ്യരെയും ഇങ്ങനെ ഏകാന്ത തടവിലാക്കണം. മുറിയിൽ ഒരു വലിയ നിലകണ്ണാടിയും വച്ച് കൊടുക്കണം. മനുഷ്യന്റെ സഹവാസമോ ശബ്ദം പോലുമോ ഇല്ലാത്ത മുറിയിലെ ക്വാറന്റൈനാണ് ഉത്തമം. ഇരുപത്തിയെട്ടു ദിവസമെങ്കിലും വേണം. ഏഴും പതിനാലും കൊണ്ടു വലിയ കാര്യമില്ല. വായിക്കാൻ പുസ്തകമോ കേൾക്കാൻ ഗാനമോ ഉണ്ടങ്കിലും മുറി പുറത്തുനിന്നാണ് പൂട്ടിയിരിക്കുന്നതെന്ന ബോധം ഏകാകിയെ കിടത്തിയും ഇരുത്തിയും നടത്തിയും ചിന്തിപ്പിക്കും.
ജീവിതസായഹ്നത്തിൽ കിട്ടിയ ഈ അവസരം ചെറുപ്പത്തിൽ തനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചത് ക്വാറന്റൈനിലെ ആറാം ദിവസം കഴിഞ്ഞുള്ള രാത്രിയിലാണ്. മുറിയിലെ വലിയ നിലകണ്ണാടിയിൽ അയാൾ തന്റെ രൂപം നോക്കി ഉറങ്ങാതെയിരുന്നപ്പോഴാണ് താൻ തനിക്ക് എത്രമാത്രം അപരിചിതനാണെന്ന് മനസിലാക്കിയത്. പരിചിതരുടെയെല്ലാം മുഖം ഓർത്തെടുക്കാനാകുമെങ്കിലും സ്വന്തം മുഖം വ്യക്തതയോടെ ഓർത്തെടുക്കാൻ ആകുന്നില്ല
''താൻ ഏത് കോപ്പിലെ മനുഷ്യനാടോ?""
സ്വന്തം രൂപത്തോട് അയാൾ ചോദിച്ചു
അയാൾക്കും പ്രതിരൂപത്തിനും ചിരി വന്നു. ചെറുചിരി പൊട്ടിച്ചിരിയായി നിർത്താനാകാതെ വളർന്നു.
'''വട്ടായോ?""
ചിരിക്കുന്നതിനിടയിൽ പ്രതിരൂപം ചോദിച്ചു
''ഏയ് ബോധോദയം ഉണ്ടായതാ.""
അയാൾ മറുപടി പറഞ്ഞു
''പിന്നെന്താ ഈ നിർത്താത്ത ചിരി?""
''ഞാൻ വിഘടിച്ച് രണ്ടായ കാര്യം താനറിഞ്ഞില്ലേ?""
''ഇപ്പോ ഞാൻ രണ്ടാ, ഇനി അത് നാലാകും പിന്നെ പതിനാറും പിന്നെ ഓരാൾകൂട്ടമാകും. കോടാനുകോടിയാകും.""
വീടിന്റെ മുകളിലത്തെ നിലയിൽ അവർക്കായി താനെന്തല്ലാം ഒരുക്കങ്ങളാണ് നടത്തിയത്. പുറത്തിറങ്ങാതെ ഏഴ് ദിവസം ഇരിക്കാനുള്ളതല്ലേ. മുനിസിപ്പാലിറ്റിയിൽ നിന്നു ഫോണിൽ വിളിച്ച് അപ്പാപ്പനല്ലാതെ വീട്ടിൽ വേറെ ആരൊക്കെയുണ്ടന്നു ചോദിച്ചു.
''ഞാനും സഹായി ആന്റപ്പനുമേ ഇവിടെയുള്ളൂ.""
''വേറെ പ്രായമായ ആരും വീട്ടിലില്ലല്ലോ?""
''വയസാംകാലത്ത് കൂട്ടിനുള്ള ആളെ കർത്താവ് നേരത്തെ വിളിച്ചോണ്ടാ ഒറ്റയ്ക്കായത്.""
''വീട് എത്ര സ്ക്വയർ ഫീറ്റുണ്ട്?""
''ഏകദേശം മൂവായിരത്തഞ്ഞൂറ് വരും.""
''അടുത്ത് വേറെ വീട് ഉണ്ടോ?""
''വീടിന്റെ തെക്കും വടക്കും പടിഞ്ഞാറും ഞങ്ങളുടെ പറമ്പാ. കിഴക്ക് റോഡാ. വിളിച്ചാ കേൾക്കുന്നതിന്റെ അപ്പുറത്തേ വേറെ വീടുള്ളൂ.""
''മോനും ഫാമിലിയും വരുന്നതിൽ അപ്പാപ്പന് പ്രശ്നമെന്നുമില്ലല്ലോ?""
''എന്ത് പ്രശ്നം. അവര് മോളിലത്തെ നിയലയിലും ഞാനും ആന്റപ്പനും താഴെയും.""
''അമേരിക്കയിൽ നിന്നു വരുന്നതായോണ്ട് ചോദിച്ചതാ.""
''ഏത് ഗോകർണത്തീന്നാണെങ്കിലും ആറു വർഷത്തിന് ശേഷം കൊച്ചുമക്കളുമായിട്ട് അവര് വരുന്നതാ. ഞാൻ സൂക്ഷിച്ചോളാം.""
''അപ്പാ ഞങ്ങള് എയർപോർട്ടിൽ എത്തി. രണ്ടുമണിക്കൂറിനകം അങ്ങ് എത്തും. ഞാൻ എന്റെ ഫ്രണ്ട്സുമായി അപ്പന്റെ കാര്യം ഡിസ്കസ് ചെയ്തു. അവരാ പറഞ്ഞത് എഴുപത് വയസ് കഴിഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്. പിള്ളാരാണെങ്കിൽ ഒരെടത്ത് അടങ്ങിയിരുക്കുന്ന സ്വഭാവക്കാരല്ല. അപ്പനെന്തെങ്കിലും സംഭവിച്ചാൽ...""
''നീ എന്താ ഉദ്ദേശിക്കുന്നത്?""
അയാൾ ചോദിച്ചു
അവൻ മറുപടി പറഞ്ഞു.
ആന്റപ്പനെ പറഞ്ഞുവിട്ട് വീടും ഗേറ്റും തുറന്നിട്ട് അയാൾ ഔട്ട് ഹൗസിൽ കയറി വാതിൽ ചാരി. അവർ വന്നയുടനേ മുറി പുറത്ത് നിന്ന് പൂട്ടി. പുറത്തുനിന്നടച്ച മുറിയിലിരുന്ന് അയാൾ വിഘടിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ആ മുറി ഒരു പ്രപഞ്ചമായി മാറിയതും ലോകം ഒരു കുടുസു മുറിയായി തീർന്നതും അയാൾക്കും അയാൾ വിഘടിച്ചുണ്ടായ കോടാനുകോടി മനുഷ്യർക്കുമേ മനസിലായുള്ളൂ. ഇനി ഈ പ്രപഞ്ചം മതി.
(സലിൻ മാങ്കുഴി: 9447246153)