
കാലം 1983. പയ്യന്നൂരിലെ പോസ്റ്റ്മാൻ നാരായണൻനായർ അന്നൊരിക്കൽ ചില കത്തുകൾ എനിക്കു നേരെ നീട്ടി ചോദിച്ചു: ''ഈ മൂലയിൽവീട്ടിലെ സതീഷ്ബാബു പയ്യന്നൂർ നീ തന്നെയാണോ?""
ആ കാർഡുകളിലേയും ഇൻലന്റിലേയും വിലാസങ്ങളിലെ പേരുകാരൻ ഞാൻ തന്നെയായിരുന്നു. എന്നാൽ മൂലയിൽവീട് എന്ന വീട്ടുപേര് എന്റേതായിരുന്നില്ല. എങ്കിലും കത്തുകൾ എനിക്കു തന്ന് നാരായണേട്ടൻ പടി കടന്നുപോയി. ഒട്ടൊരു കൗതുകത്തോടെ ഞാനാ കത്തുകൾ തുറന്നു വായിച്ചുതുടങ്ങി. കൊല്ലത്തുനിന്ന് പ്രൊഫ. പി. മീരാക്കുട്ടി എഴുതുന്നു: സുഹൃത്തേ, ഇവിടെ വന്നതിനുശേഷമുള്ള യാത്ര സുഖകരമായിരുന്നോ. ആരോഗ്യമെങ്ങനെയിരിക്കുന്നു? കാലിന്റെ ഒടിവും മുടന്തും ഭേദമായോ? വിഷമമാവില്ലെങ്കിൽ അന്ന് താങ്കൾ വാങ്ങിച്ച 50 രൂപ തിരിച്ചയച്ചാൽ ഉപകാരമായിരുന്നു...
കൊച്ചി തേവരയിൽ നിന്ന് പ്രൊഫ: മാത്യു ഉലകംതറയുടെ കത്ത്: പ്രിയ ബാബു, തെറ്റ്, ശരി ഇവയിലൊന്നും പുതിയ തലമുറയ്ക്ക് വിശ്വാസമില്ലെന്നെനിക്കറിയാം. അതിനാൽ കാശ് തരുമ്പോൾ വലിയ പ്രതീക്ഷകൾ അന്നുമുണ്ടായിരുന്നില്ല. നാട്ടിലെത്തിയാൽ ചുരുങ്ങിയത് ഒരു കത്തെങ്കിലും അയയ്ക്കും എന്ന് പ്രതീക്ഷിച്ചു എന്നതാണ് വിഡ്ഢിത്തം.
കൊച്ചി വടകോടു നിന്ന് പത്മരാജു തുഷാരത്തിന്റെ കുനുകുനെയുള്ള വാക്കുകൾ: നമ്മൾ പരിചയപ്പെട്ടത് കളമശേരിയിൽ വച്ചാണ്. പണിക്കർ സാറാണ് പരിചയപ്പെടുത്തിയത്. ഇപ്പോൾ ഓർമ വന്നുകാണുമെന്നു കരുതുന്നു. അന്ന് അസുഖം വിട്ടുമാറുന്ന അവസ്ഥയിലായിരുന്നല്ലോ... ഇപ്പോൾ ഏത് കോളേജിലാണ് പഠിപ്പിക്കുന്നത്?
ഞാനന്തം വിട്ടിരുന്നു. ഒരുപക്ഷേ ഇവരൊക്കെ വിലാസം മാറി എനിക്കയച്ചതാവാമെന്ന് പിന്നെ സമാധാനപ്പെട്ടു. പക്ഷേ സമാധാനം വെറും താൽക്കാലികം മാത്രമായി! പിറ്റേന്ന് ഏഴെട്ടു കത്തുകൾ കൂടി കിട്ടി. പിന്നെ തുടരെത്തുടരെ... എല്ലാറ്റിലും, കഥാപാത്രം സതീഷ്ബാബു പയ്യന്നൂർ തന്നെ! എന്റെ അപരൻ കേരളത്തിന്റെ തെക്കൻ ജില്ലകളിലാകെ കറങ്ങി നടക്കുന്നു. എന്റെ ഫീച്ചറുകളും കഥകളുമൊക്കെ പ്രസിദ്ധീകരിച്ചുവന്ന വാരികകളും വാരാന്തപ്പതിപ്പുകളുമായാണ് നടപ്പ്. എന്നിട്ട് ദൈന്യം വെളിപ്പെടുത്തി അമ്പതും നൂറും അഞ്ഞൂറും രൂപ കൈപ്പറ്റി ഏതെങ്കിലുമൊരു വിലാസവും കുറിച്ചുകൊടുത്ത് സ്ഥലം വിടുന്നു... ഒരുദിവസം ഒരേ സ്ഥലത്തുള്ള പത്തമ്പതുപേർ ഒരു ശൃംഖലയിലെന്നപോലെ പറ്റിക്കപ്പെടുന്നു...
ഫറൂക്ക് കോളേജിൽ നിന്ന് പ്രസന്നകുമാർ, ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ നിന്ന് പ്രൊഫ. തോന്നയ്ക്കൽ വാസുദേവൻ, നെല്ലിക്കോട് യൂണിയൻ ബാങ്കിൽ നിന്ന് ടി.സി.ജി, നമ്പൂതിരി, ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് പ്രൊഫ. എം.കെ. വത്സൻ... ഇവരുടെയൊക്കെ കത്തുകൾ വായിച്ച് ഞാൻ ശരിക്കും കരഞ്ഞുപോയി. തലയിൽ കൈയും വച്ച്, ഇനിയെന്ത് ദൈവമേ എന്ന് പയ്യന്നൂർ പെരുമാളോട് ദീനാക്രാന്തനായി വിലപിച്ചു.
രണ്ട്
അക്കാലത്ത് കാസർകോട് 'ഈയാഴ്ച" വാരികയുടെ എഡിറ്ററായി ഞാൻ ജോലിയിൽ പ്രവേശിച്ചിരുന്നു. മിക്കവാറും പ്രസിദ്ധീകരണങ്ങളിൽ തകൃതിയായി എഴുതിക്കൊണ്ടുമിരുന്നു. എന്നാൽ അവയോടൊപ്പം എന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചുവരുന്ന കാലമല്ലാത്തതിനാൽ ആർക്കും യഥാർത്ഥ സതീഷ്ബാബു ആരെന്നറിയാമായിരുന്നില്ല. ഞാൻ ശരിക്കും വിഷമിച്ചു. സാഹിത്യത്തിൽ താത്പര്യമുള്ള പ്രൊഫസർമാർ, ഉദ്യോഗസ്ഥർ, സാധാരണക്കാർ എല്ലാവരും എന്റെ പേരിൽ വഞ്ചിക്കപ്പെട്ടുകൊണ്ടിരുന്നു. അവരിൽ ചിലർ മാത്രമാണ് എനിക്കെഴുതിയത്. ചിലർ തെറി വിളിച്ചു. ചിലർ ഉപദേശരൂപേണ എഴുതി. പലർക്കും ഞാൻ എന്റെ നിരപരാധിത്വം വെളിപ്പെടുത്തി മറുപടി എഴുതി. ചിലർ വിശ്വസിച്ചു. ചിലർ അതും എന്റെ വേറൊരു തട്ടിപ്പായി കരുതി...! പത്രങ്ങളിൽ ഞാൻ ഇക്കഥ വാർത്തയാക്കാൻ ശ്രമിച്ചു. ചിലർ പ്രസിദ്ധീകരിച്ചു. മറ്റുചിലർ ഞാനത്ര വലിയ എഴുത്തുകാരനൊന്നുമല്ലെന്ന മട്ടിൽ തിരസ്കരിച്ചു...!
ഗതികെട്ട് ഞാൻ പൊലീസ് ഉന്നതന്മാർക്ക് എന്റെ ദീനാവസ്ഥ വെളിപ്പെടുത്തി വിശദമായി പരാതി അയച്ചു. സഹൃദയനായ എം.കെ. ജോസഫ് സാറായിരുന്നു അക്കാലത്ത് ഡി.ജി.പി. അദ്ദേഹം പ്രതീക്ഷ തന്നു: ''നോക്കാം...""
മൂന്ന്
വെട്ടൂർ രാമൻനായർ, എം.കെ. സാനു, എം. ലീലാവതി, എം. കൃഷ്ണൻനായർ തുടങ്ങിയ ഗുരുതുല്യരായ എഴുത്തുകാരൊക്കെ ഇതിനകം എന്റെ പേരിൽ വഞ്ചിതരായി കഴിഞ്ഞിരുന്നു! വെട്ടൂർ ഒരു കഥ കുങ്കുമം ഓണപ്പതിപ്പിലെഴുതി : 'സാഹിത്യകാരന്മാർക്കു മാത്രം." അതിലെ കഥാപാത്രം സതീഷ്ബാബു തന്നെ! ആ കഥയടങ്ങിയ സമാഹാരം പിന്നീട് കോഴിക്കോട് സർവകലാശാലയിൽ പാഠപുസ്തകമായി. ആ കഥ ക്ലാസിൽ പഠിപ്പിച്ചുകൊണ്ട് കഥാകൃത്തു കൂടിയായ സുഹൃത്ത് എസ്. ഇ.ജെയിംസ് കുട്ടികളോട് പറഞ്ഞു: ''ഇതിലെ കഥാപാത്രം ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്."" ആ പഠിപ്പിക്കൽ കഥയും കുട്ടികളുടെ അത്ഭുതപ്രതികരണവും അറിയിച്ച് ജെയിംസ് ഫോണിലൂടെ ഒരുപാട് ചിരിച്ചു; എന്റെ മനസ് പക്ഷേ നോവുകയായിരുന്നു!
1985-ൽ എന്റെ ഒരു കഥയെക്കുറിച്ച് നല്ല നാലുവാക്ക് 'സാഹിത്യവാരഫല"ത്തിൽ കുറിച്ച ശേഷം എം. കൃഷ്ണൻനായർ സാർ തുടർന്നു: ഈ കഥയുമായി ബന്ധമില്ലാത്ത ഒരു കഥ കൂടി ഞാൻ വായനക്കാരെ അറിയിച്ചു കൊള്ളട്ടെ. സതീഷ് ബാബു പയ്യന്നൂർ എന്ന പേരിൽ ഒരാൾ കാശും പിരിച്ച് കേരളമാകെ കറങ്ങി നടപ്പുണ്ട്. ഞാനും കൊടുത്തു അമ്പതുരൂപാ... പിന്നീടാണ് ഇത് ആ എഴുത്തുകാരനല്ല എന്നറിയുന്നത്... ഇതിവിടെ എഴുതുന്നത് ഇനിയാരും ആ തട്ടിപ്പിൽ പെടാതിരിക്കാനും യഥാർത്ഥ സതീഷ് ബാബുവിന് മാനഹാനി വരാതിരിക്കാനുമാണ്.
തൊട്ടടുത്ത ആഴ്ച 'സാഹിത്യവാരഫല" ത്തിന്റെ വായനക്കാരായ കോട്ടക്കൽ ആയുർവേദകോളേജിലെ കുട്ടികളുടെ മുന്നിൽ കാലിൽ മുടന്തും ക്ഷൗരം ചെയ്യാത്ത മുഖവും അലസവേഷവും കൈയിൽ എന്റെ പത്രകട്ടിംഗുകളുമായെത്തിയ 'സതീഷ്ബാബു" വിനെ അവർ പൊക്കി. കോട്ടക്കൽ പൊലീസ് കേസെടുത്ത് കോടതിയിലെത്തിച്ചു. മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രതിയെ ജയിലിലേക്കയച്ചു. പിന്നീട്, മലയാളത്തിലെ ഓണപ്പതിപ്പുകളിൽ എഴുതാൻ ഭാഗ്യം ലഭിച്ചപ്പോൾ എന്റെ ഫോട്ടോകളും കഥയോടൊപ്പം വന്നു തുടങ്ങിയതിനാൽ പൂർണമായും ഞാൻ 'കുറ്റവിമുക്ത"നായി. അപ്പോഴേക്കും ഫോട്ടോയും ബയോഡേറ്റയുമായി എന്റെ പുസ്തകങ്ങളും പിറവിയെടുത്തു തുടങ്ങിയിരുന്നു...
നാല്
ആൾമാറാട്ടത്തിന് പരമാവധി ശിക്ഷയായ ആറുമാസത്തെ തടവ് വിജയകരമായി പൂർത്തിയാക്കി കണ്ണൂർ ചെറുതാഴം മൂലയിൽവീട്ടിൽ കുഞ്ഞിക്കണ്ണൻ പുറത്തിറങ്ങി, വേറെ പല പേരുകളിൽ 'സാഹിത്യതട്ടിപ്പ്" തുടർന്നു! പലരും വീണ്ടും വഞ്ചിതരായി. പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിലെ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ആർ. രാധാകൃഷ്ണന്റെ വീട്ടിലെത്തിയത് ഭാര്യാപിതാവിന്റെ സുഹൃത്തിന്റെ പേരിൽ! രാധാകൃഷ്ണന്റെ മകളെഴുതിയ 'തത്തക്കുട്ടി" എന്ന പുസ്തകത്തിന്റെ കോപ്പികൾ നിരൂപണമെഴുതാനെന്ന വ്യാജേന വാങ്ങി, തിരുവനന്തപുരത്തെ വെള്ളായണി കാർഷികകോളേജിലെത്തിയത് 'ആർ. രാധാകൃഷ്ണനായി" ത്തന്നെ! അവിടത്തെ രജിസ്ട്രാർക്ക് 'മകളുടെ തത്തക്കുട്ടി"യെ കൊടുത്ത് ഇരുന്നൂറ് രൂപയും വാങ്ങി യാത്ര തുടർന്നു. പിന്നീട് ആലപ്പുഴയിൽ ഒരു ഡോക്ടറുടെ മരണവീട്ടിൽ തട്ടിപ്പുനടത്തവേ, രാധാകൃഷ്ണൻ നൽകിയ മുൻപരാതിയുടെ അടിസ്ഥാനത്തിൽ പിടിക്കപ്പെട്ട മൂലയിൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ വീണ്ടും ജയിലിലായി. വളരെ വിദഗ്ദ്ധമായി, ഒരു പരിചയത്തിൽ നിന്ന് മറ്റൊരു പരിചയത്തിലേക്ക് ഇഴ നെയ്ത് വല വീശിയെറിഞ്ഞ് ബന്ധങ്ങൾ കൃത്യമായി അടുക്കും ചിട്ടയിലും ചേർത്ത് വിശ്വസനീയമാംവിധം അവതരിപ്പിച്ച് കുഞ്ഞിക്കണ്ണൻ എന്ന ആ 'മഹാതന്ത്രജ്ഞൻ" ഇപ്പോഴും എവിടെയെങ്കിലും ആരെങ്കിലുമായി അവതരിക്കുന്നുണ്ടാകാം!
(സതീഷ് ബാബു പയ്യന്നൂർ, 98470 60343)