saranya-manoj

കൊല്ലം: പത്തനാപുരം നിയോജക മണ്ഡലത്തിൽ കെ ബി ഗണേശ് കുമാറിനെതിരെ ബന്ധു കൂടിയായ ശരണ്യ മനോജിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നു. കൊടിക്കുന്നിൽ സുരേഷ് എം പിയാണ് ഈ നീക്കത്തിന് പിന്നിൽ. ഗണേശിനെതിരെ ബന്ധുവിനെ മത്സരിപ്പിക്കുന്നത് കൂടുതൽ ഫലം ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.

കേരള കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ ശരണ്യ മനോജ് കോൺഗ്രസിൽ ചേർന്നിരുന്നു. സോളാർ കേസിൽ പരാതിക്കാരിയെക്കൊണ്ട് നിരന്തരം മൊഴി മാറ്റി പറയിപ്പിച്ചത് ഗണേഷും പി എയും ആണെന്ന് ശരണ്യ മനോജ് ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് പിന്നീട് എഴുതി ചേർത്തതായിരുന്നുവെന്നും ഗണേഷ് കുമാറാണ് ഇതിന് പിന്നിലെന്നും ശരണ്യ മനോജ് ആരോപിച്ചിരുന്നു.

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല അടക്കം നിരവധി പേർ പത്തനാപുരം സീറ്റിനായി രംഗത്തുണ്ട്. കൊട്ടാരക്കരയിൽ പി സി വിഷ്‌ണുനാഥിനെയാണ് കോൺഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്. വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിന്റെ പേരിനൊപ്പവും വിഷ്‌ണുനാഥ് ഇടംപിടിച്ചിട്ടുണ്ട്. അവസാന നിമിഷം അട്ടിമറിയൊന്നുമുണ്ടായില്ലെങ്കിൽ കൊല്ലത്ത് ബിന്ദു കൃഷ്‌ണയാകും സ്ഥാനാർ‌ത്ഥി. ഇരിക്കൂറിൽ നിന്ന് മാറുന്ന കെ സി ജോസഫിനെ കാഞ്ഞിരപ്പളളിയിലേക്കാണ് കോൺഗ്രസ് പരിഗണിക്കുന്നത്.