mullappally-ramachandran

കണ്ണൂർ: മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതോട് കൂടി താൻ കെ പി സി സി പ്രസിഡന്റാകുമെന്ന ചർച്ചയ്‌ക്ക് പ്രസക്തിയില്ലെന്നും കെ സുധാകരൻ. മുല്ലപ്പളളിയുടെ തീരുമാനത്തെ താനടക്കം എല്ലാവരും അംഗീകരിക്കുന്നു. അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും ഓരോരുത്തർക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കണം. മുല്ലപ്പളളി തീരുമാനം വ്യക്തമാക്കിയതോടെ താൻ അദ്ധ്യക്ഷനാകുമെന്ന ചർച്ച അടഞ്ഞ അദ്ധ്യായമായി. അതിന് വേണ്ടി നടക്കുന്ന ആളല്ല താനെന്നും സുധാകരൻ പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് പദവി എല്ലാ കാലത്തും ഉയർന്നുവരും. ആ സന്ദർഭം കഴിഞ്ഞാൽ ആ ചർച്ച അവസാനിക്കും. താൻ ഇതുവരെ എ ഐ സി സി നേതൃത്വവുമായി ഇക്കാര്യത്തിൽ ഔദ്യോഗിക ചർച്ച നടത്തിയിട്ടില്ല. താൻ അദ്ധ്യക്ഷനായാലും ഇല്ലെങ്കിലും യു ഡി എഫിന്റേയും കോൺഗ്രസിന്റേയും അധികാരത്തിലേക്കുളള തിരിച്ചുവരവിന് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.