
തിരുവനന്തപുരം: കൊവിഡിന്റെ വ്യാപനം സംസ്ഥാനത്ത് ശമിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയെങ്കിലും തലസ്ഥാന ജില്ലയിലെ മരണനിരക്ക് സംസ്ഥാന നിരക്കിനെക്കാൾ ഇരട്ടി. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.40 ശതമാനം ആണെങ്കിൽ തലസ്ഥാന ജില്ലയിലേത് 0.82 ശതമാനമാണ്.
കഴിഞ്ഞ വർഷം ആഗസ്റ്റിലും ജില്ലയിലെ കൊവിഡ് മരണനിരക്ക് സംസ്ഥാനത്തെ മരണ നിരക്കിനെക്കാളും മുകളിൽ എത്തിയിരുനനു. അന്ന് സംസ്ഥാനത്തെ മരണനിരക്ക് 0.43 ശതമാനവും ജില്ലയിലേത് 0.71 ശതമാനവുമായിരുന്നു.
തിരുവനന്തപുരത്തെ കൂടാതെ സംസ്ഥാന ശരാശരിയെക്കാൾ മരണനിരക്ക് ആലപ്പുഴ (0.46%), തൃശൂർ (0.45%), കണ്ണൂർ (0.53%) എന്നീ ജില്ലകളിലാണ്. ഏറ്റവും കുറവ് മരണനിരക്കുള്ളത് ഇടുക്കി (0.13%) ജില്ലയിലാണ്.
തിരുവനന്തപുരത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും കൊവിഡ് മരണങ്ങളുടെ എണ്ണം ഉയർന്നു തന്നെ നിൽക്കുകയാണ്. ഈ മാസം ആദ്യം ആഴ്ച മാത്രം 14 കൊവിഡ് മരണങ്ങളാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ജില്ലയിൽ ഇതുവരെ 848 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഓണത്തിന് ശേഷമാണ് ജില്ലയിൽ മരണ നിരക്കിൽ വർദ്ധന രേഖപ്പെടുത്തിയത്. മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുണ്ടെങ്കിലും തലസ്ഥാന ജില്ലയിൽ കൊവിഡ് മരണങ്ങൾ കൂടുന്നത് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. മരണ നിരക്കിലെ വർദ്ധനയെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച് മരിക്കുന്നവരിൽ കൂടുതൽ പേരും 60 വയസിന് മുകളിലുള്ളവരും പുരുഷന്മാരുമാണ്. അമിത വണ്ണവും ജീവിതശൈലീ രോഗങ്ങളുമാണ് പലപ്പോഴും മരണകാരണമാകുന്നത്. അനിയന്ത്രിതമായ പ്രമേഹവും ഹൈപ്പർടെൻഷൻ എന്നിവയും കൊവിഡ് മൂലമുള്ള മരണത്തിന് കാരണമാകുന്നുണ്ട്. പുകവലി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയും കൊവിഡ് രോഗികളുടെ മരണത്തിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഇതുവരെ സംസ്ഥാനത്ത് 4,312 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരുടെ കൃത്യമായ കണക്കുകൾ സർക്കാർ പുറത്തുവിടുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ മരണ രജിസ്റ്റർ പുറത്തുവിട്ടാണ് സർക്കാർ ഇതിനെ പ്രതിരോധിച്ചത്.
കഴിഞ്ഞ വർഷം കേരളത്തിൽ ആകെ ഉണ്ടായത് 234,536 മരണങ്ങൾ ആണ്. കൊവിഡ്, പകർച്ചവ്യാധികൾ എന്നിവ മൂലമുള്ള മരണങ്ങൾ ഉൾപ്പെടെയാണിത്. 2019ലെ ആകെ മരണ സംഖ്യ 2,63,901 ആയിരുന്നു. അതായത് കൊവിഡ് വ്യാപനം രൂക്ഷമായപ്പോഴും വികസിത രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ മരണ നിരക്ക് നിയന്ത്രിക്കാനായെന്നാണ് മരണ രജിസ്റ്റർ പ്രസിദ്ധീകരിച്ച് സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന മറുപടി.