k-babu

തിരുവനന്തപുരം: ബാർക്കോഴ കേസിൽ മുൻ മന്ത്രി കെ ബാബുവിന് ക്ലീൻ ചീറ്റ് നൽകി വിജിലൻസ്. കേസിൽ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലൻസ് വ്യക്തമാക്കി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് കെ ബാബുവിന് ക്ലീൻ ചിറ്റ് നൽകിയത്. ബാബുവിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നും തുടർനടപടികൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിനും ബാറുകൾക്ക് സമീപമുളള മദ്യവിൽപ്പന ശാലകൾ പൂട്ടുന്നതിനുമായി എക്സൈസ് മന്ത്രിയായിരുന്ന ബാബു 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ കെ ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരൻ പോലും പറയുന്നില്ല. ബാർ ഹോട്ടൽ അസോസിയേഷൻ പിരിച്ചെടുത്തതായി പറയുന്ന മൂന്നു കോടി 79 ലക്ഷം രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2016ലാണ് ബാബുവിനെതിരായ അന്വേഷണം ആരംഭിച്ചത്. 2012-2016 കാലത്ത് കേരള ബാർ ഹോട്ടൽ അസോസിയേഷൻ 3.79 കോടി രൂപ പിരിച്ചതായി അസോസിയേഷന്റെ ഫയലുകളിൽ പറയുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ബാറുകളുമായി ബന്ധപ്പെട്ട വിവിധ കേസുകൾ നടത്താൻ പിരിച്ചതാണെന്ന് ഫയലുകളിൽനിന്ന് മനസിലാകുമെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓരോ ആരോപണങ്ങളും പ്രത്യേകം അന്വേഷിച്ച് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.