
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നായകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അദ്ദേഹത്തിന് ചാംപ് എന്നും മേജർ എന്നും പേരുള്ള രണ്ട് ജർമ്മൻ ഷേപ്പേർഡ് നായകൾ ഉണ്ട്. ഇവയ്‌ക്കൊപ്പമുള്ള ബൈഡന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ മുൻപ് വൈറലായിട്ടുണ്ട്.
ബൈഡൻ പ്രസിഡന്റായി സ്ഥാനമേറ്റതോടെ ചാംപും,മേജറും വൈറ്റ് ഹൗസിലെത്തി. എന്നാൽ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ഈ അരുമകളെ ഡെലവെയറിലെ കുടുംബവീട്ടിലേക്ക് തിരിച്ചയച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
'മേജർ' വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിന് ശേഷമാണ് നായകളെ നാട്ടിലേക്ക് അയച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു സെക്യൂരിറ്റി ജീവനക്കാരനെ നായ കടിച്ചതായും പറയപ്പെടുന്നു.
പ്രഥമ വനിത ദൂര യാത്ര പോകുമ്പോൾ നായകളെ ചിലപ്പോൾ ഡെലവെയറിലേക്ക് അയക്കാറുണ്ട്. അങ്ങനെയാണോ ഇത്തവണ അയച്ചതെന്നും വ്യക്തമല്ല. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബൈഡൻ തിങ്കളാഴ്ച ഉച്ചയ്ക്ക് വാഷിംഗ്ടണിലേക്കും കാലിഫോർണിയയിലേക്കും പുറപ്പെട്ടു.
മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2018 നവംബറിലാണ് ബൈഡനും ജില്ലും മൂന്ന് വയസുകാരൻ മേജറിനെ ദത്തെടുത്തത്. 2008ല്‍ ബൈഡന്‍ വൈസ് പ്രസിഡന്റായ കാലം തൊട്ട് ചാംപ് അദ്ദേഹത്തിന്റെ ഒപ്പമുണ്ട്. ചാംപിന് 14 വയസുണ്ട്. പ്രായത്തിന്റേതായ അവശതകൾ അതിനെ അലട്ടുന്നുണ്ട്.