
''മലയാളം എന്റെ മാതൃഭാഷയാണെങ്കിൽ ബംഗാളി എനിക്ക് അമ്മ വഴി കിട്ടിയതാണ്. ഞങ്ങൾ വീട്ടിൽ ബംഗാളിയാണ് സംസാരിക്കുന്നത്. ബംഗാളും കേരളവും തമ്മിൽ ഒരുപാട് സാമ്യമുണ്ട്. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവുമൊക്കെ രണ്ടിടത്തും സജീവമായ ചർച്ചയാണ്. ബംഗാളി സിനിമയിൽ അഭിനയിക്കുക എന്റെ മറ്റൊരു സ്വപ്നമാണ്.
'ഇടി മഴ കാറ്റിൽ"എന്റെ കഥാപാത്രം പാതി മലയാളിയും പാതി ബംഗാളിയുമാണ്. ഒരേ ഭാഷയിൽ, ഒരേ തരത്തിലുള്ള സിനിമകൾ ചെയ്യണമെന്നല്ല എന്റെ ആഗ്രഹം. പല ഭാഷകളിലുള്ള പല തരം സിനിമകളിൽ അഭിനയിക്കണമെന്നാണ് പ്രാർത്ഥന. നമ്മൾ കഠിനാദ്ധ്വാനം ചെയ്താൽ അതിന്റെ ഫലം ലഭിക്കുമെന്ന സത്യത്തിൽ വിശ്വസിക്കുന്നു."" പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പ്രിയംവദ കൃഷ്ണൻ പറഞ്ഞുതുടങ്ങി.
എന്നും കലകളെ പറ്റി സംസാരിക്കുന്ന ഒരു വീട്, നൃത്തവും പാട്ടും കഥകളിപദങ്ങളുമൊക്കെ ലഹരിയായി കാണുന്ന ഒരു അച്ഛനും അമ്മയും, ആഹാരം കഴിക്കുമ്പോഴും സംസാരവിഷയമാവുക കലയോടുള്ള പ്രണയം... ഇതൊക്കെ കണ്ടാണ് പ്രിയംവദ വളർന്നത്. ലോകം മുഴുവൻ അറിയപ്പെടുന്ന നർത്തകിയും ബംഗാളിൽ നിന്ന് കേരള പല്ലവി കൃഷ്ണന്റെയും എഴുത്തുകാരനും കൂടിയാട്ടം കലാകേന്ദ്രം മുൻഡയറക്ടറുമായ കെ.കെ. ഗോപാലകൃഷ്ണന്റെയും മകൾ പ്രിയംവദ കൃഷ്ണൻ പിന്നെങ്ങനാണ് കലയുടെ മാസ്മരിക ലോകത്ത് എത്താതിരിക്കുന്നത്...ആ പ്രണയത്തിന് ലഭിച്ച അംഗീകാരമാണ് തൃശൂരിലെ വീടിന്റെ ഷോക്കേസിൽ ഇടംപിടിച്ച 2019ലെ 'തൊട്ടപ്പൻ" എന്ന ചിത്രത്തിലെ അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പ്രത്യേക ജൂറി പരാമർശം പുരസ്കാരം.
നടിയാകണമെന്ന് തീരുമാനിച്ചത് എപ്പോഴായിരുന്നു?
സ്കൂളിൽ പഠിക്കുമ്പോഴേ നടിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. 'തൊട്ടപ്പൻ" എന്നത് എന്റെ വലിയൊരു സ്വപ്നത്തിന്റെ തുടക്കമായിരുന്നു. അഭിനയം സ്വപ്നം കാണുന്ന ഏതൊരാളെപ്പോലെ നല്ലൊരു കഥാപാത്രത്തിലൂടെ സിനിമാ പ്രവേശനം ആരംഭിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഞാൻ ആഗ്രഹിച്ചതിലും എത്രയോ കൂടുതലാണ് സാറയെന്ന കഥാപാത്രം എനിക്ക് തന്നത്. സിനിമയ്ക്ക് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. പുതുതായി പലതും പഠിച്ചെടുക്കേണ്ടതായി വന്നു. പക്ഷെ, എനിക്കത് കഷ്ടപ്പാടായി തോന്നിയതേയില്ല. ഓരോ നിമിഷവും ആസ്വദിച്ചാണ് അഭിനയിച്ചത്. വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാൻ.
വിനായകന്റെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവം പറയാമോ?
നടനാകണം, നടിയാകണം എന്നാഗ്രഹിക്കുന്ന ഓരോ മലയാളികൾക്കും വലിയ പ്രചോദനമാണ് വിനായകൻ എന്ന നടൻ. അത്രയും മനോഹരമായാണ് അദ്ദേഹം അഭിനയിക്കുന്നത്. വിനായകൻ സാറുമായി ഒന്നിച്ച് അഭിനയിക്കാൻ പറ്റിയതുതന്നെ ഭാഗ്യമായി കരുതുന്നു. നമ്മുക്ക് ഒരുപാട് കാര്യങ്ങൾ പഠിച്ച് അഭിനയിക്കാൻ പറ്റും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യമ്പോൾ. ഭയങ്കരമായി സപ്പോർട്ട് ചെയ്യും. എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നതുതന്നെ ഷൂട്ടിംഗ് സമയത്താണ്. ബാക്കി അഭിനേതാക്കളെയല്ലാം അവർക്കൊപ്പമുള്ള സീൻ ഷൂട്ട് ചെയ്യുന്നതിന് മുൻപേ ഞാൻ കണ്ട് സംസാരിച്ചിരുന്നു. വിനായകൻ സാറിനെ ഞാൻ കാണുന്നത് ആക്ഷൻ പറഞ്ഞതിന് ശേഷമാണ്. ഞാൻ സൈക്കിൾ ചവിട്ടി വരുന്നു, എന്താണ് സാറക്കൊച്ചേ...എന്ന് വിനായകൻ ചോദിക്കുന്നു, ഇതായിരുന്നു ഞങ്ങൾ തമ്മിലുള്ള ആദ്യ സീൻ. എന്നെ വളരെയധികം 'എക്സൈറ്റഡ്" നിമിഷമാണത്.
തൊട്ടപ്പൻ എന്ന സിനിമ യഥാർത്ഥത്തിൽ എനിക്കുള്ള വലിയൊരു പഠനകളരിയായിരുന്നു. രഘുനാഥ് പാലേരി, വിനായകൻ, ലാൽ തുടങ്ങി വലിയൊരു ടീമിനൊപ്പം അഭിനയിക്കാൻ പറ്റി. അഭിനേതാവെന്ന നിലയിൽ രഘുനാഥ് പലേരി സാറിന്റെയും ആദ്യ സിനിമയായിരുന്നു തൊട്ടപ്പൻ. സാറിന്റെ ആദ്യഷോട്ട് എന്നോടൊപ്പമായിരുന്നു. 'എന്റെ ആദ്യഷോട്ട് മോളോടൊപ്പമാണ്" എന്ന അദ്ദേഹത്തിന്റെ കോംപ്ലിമെന്റ് വളരെ അനുഗ്രഹമായി തോന്നി.

സാറ എന്ന കഥാപാത്രത്തെ ജീവിതത്തിൽ കണ്ടിട്ടുണ്ടോ?
ഞാൻ ഇതുവരെയും പരിചയപ്പെട്ടിട്ടില്ലാത്തൊരു വ്യക്തിയായിരുന്നു സാറ. എനിക്ക് സാറയെപ്പോലുള്ളൊരാളെ പരിചയമില്ല. എന്റെ സ്വഭാവവും സാറയും തമ്മിൽ ഒരുപാട് മാറ്റമുണ്ട്. സാറക്കൊച്ച് വളരെ ബോൾഡായ വ്യക്തിയാണ്. വഴക്ക് കൂടാനും തനിക്ക് ഇഷ്ടമില്ലാത്തതിനെ ചോദ്യം ചെയ്യാനും അടിയുണ്ടാക്കാനും മടിക്കാത്ത കഥാപാത്രം. സാറ സ്വന്തം കാലിൽ നിൽക്കുന്ന പെൺകുട്ടിയാണ്. ഞാൻ സാറയോളം ബോൾഡല്ല. സാറയ്ക്ക് ബന്ധങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഞാനും അങ്ങനാണ്. സിനിമയ്ക്ക് ശേഷം സാറയുടെ കുറേ ഗുണങ്ങൾ എനിക്കും കിട്ടിയിട്ടുണ്ട്. ധൈര്യമാണ് അതിൽ പ്രധാനം. അഭിനയത്തെ കുറച്ചുകൂടി സീരിയസായി കാണാൻ തുടങ്ങിയതും തൊട്ടപ്പന് ശേഷമാണ്. ഞാൻ ആഗ്രഹിച്ച ജീവിതം കിട്ടിത്തുടങ്ങിയെന്ന ചിന്തയാണിപ്പോൾ. സാറയാവുക അത്ര എളുപ്പമായിരുന്നില്ല. കറേ തയ്യാറെടുപ്പുകൾ നടത്തി. കൊച്ചി ഭാഷ പഠിച്ചെടുത്തതും തോണി തുഴയാനും കക്ക വരാനും പഠിച്ചതും തൊട്ടപ്പന് വേണ്ടിയാണ്. കൂടെ അഭിനയിച്ച പള്ളുരുത്തിക്കാരി അനിതചേച്ചി ഒത്തിരി സഹായിച്ചു. ടീമിലെ ഓരോരുത്തരുടെയും പിന്തുണ എനിക്കുണ്ടായിരുന്നു. സിനിമയിൽ ഏറ്റവും ബുദ്ധിമുട്ടി അഭിനയിച്ച രംഗം ക്ലൈമാക്സാണ്. പ്രണയവും പ്രതികാരവും സങ്കടവുമെല്ലാം ഒന്നിച്ച് അഭിനയിക്കേണ്ട സീനായിരുന്നു അത്. ആ സീൻ നന്നായി ചെയ്യാൻ പറ്റമോയെന്നോർത്ത് നല്ല ടെൻഷനടിച്ചു. തൊട്ടപ്പനിൽ എനിക്ക് മേക്കപ്പ് ഒട്ടുമില്ലായിരുന്നു. നിറം ഒക്കെ കുറച്ചാണ് കാണിച്ചത്. ഒരു തുരുത്തിൽ ജീവിക്കുന്ന കുട്ടിക്ക് മേക്കപ്പിന്റെ ആവശ്യമില്ലല്ലോ. പലരും എന്നോട് ചോദിച്ചിട്ടുണ്ട് ആദ്യ സിനിമയിൽ ഭംഗി കുറച്ച് അഭിനയിച്ചപ്പോൾ സങ്കടം തോന്നിയിരന്നോയെന്ന്, സത്യം പറഞ്ഞാൽ തോന്നിയില്ല. അഭിനയത്തെ പാഷനായി കണ്ടാൽ, സിനിമ എന്താണെന്ന് മനസിലായാൽ അങ്ങനെ ചിന്തിക്കാനാവില്ല. സാറക്കൊച്ചിന് വേണ്ടി എന്തും ചെയ്യാൻ ഞാൻ റെഡിയായിരുന്നു. ഇങ്ങനൊരു കാരക്ടർ ഇനി കിട്ടുമോ എന്ന് പോലുമറിയില്ല. സിനിമയുടെ പിന്നിലുള്ള കഷ്ടപ്പാടെന്തെന്ന് മനസിലായത് തൊട്ടപ്പനിൽ അഭിനയിച്ചതിന് ശേഷമാണ്. പണ്ടൊക്കെ ആ സിനിമ കൊള്ളാം, അത് കൊള്ളില്ലെന്നൊക്കെ നിസാരമായി വിലയിരുത്തുമായിരുന്നു. ഇപ്പോൾ ഞാനത് ചെയ്യില്ല. ഓരോ സീനിന് പിന്നിലും നിരവധിപേരുടെ അദ്ധ്വാനമുണ്ടെന്നറിഞ്ഞത് അഭിനയലോകത്തെത്തിയതിന് ശേഷമാണ്. ലൈറ്റ് ബോയ് തൊട്ട് ഓരോരുത്തർക്കും വളരെ പ്രാധാന്യമുണ്ട് സിനിമയിൽ. സിനിമ കാണുന്ന രീതിയേ മാറി.
കലയുടെ വീടിൽ നിന്ന് വരവിനെക്കുറിച്ച്?
അച്ഛനും അമ്മയ്ക്കും ഒറ്റ മോളാണ് ഞാൻ. ജനിച്ചകാലം മുതലേ കാണുന്നതാണ് അമ്മയുടെ നൃത്തലോകം. അതുകൊണ്ടുതന്നെ കലയോട് പ്രത്യേക ഒരിഷ്ടമുണ്ട്. അച്ഛനാണ് അമ്മയുടെയും എന്റെയും സപ്പോർട്ട് പില്ലർ. ചെറുപ്പത്തിലേ തന്നെ അഭിനയം എന്ന് ഞാൻ സ്വപ്നം കാണാൻ തുടങ്ങിയത് അമ്മ കാരണമാണ്. ഒരു കലയ്ക്ക് വേണ്ടി സ്വയം അർപ്പിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയെപ്പറ്റി ഞാൻ മനസിലാക്കിയത് അമ്മയിൽ നിന്നാണ്. അമ്മയുടെ നൃത്തത്തിൽ അമ്മ അത്രമാത്രം സന്തോഷിക്കുന്നുണ്ട്. കലയുടെ ലോകത്തേക്ക് കടന്നുവരണമെന്ന എന്റെ ചിന്തയെ ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുണ്ട്. മോഹിനിയാട്ടവും ഭരതനാട്യവുമാണ് അഭ്യസിക്കുന്നത്. അമ്മ തന്നെയാണ് ഗുരു. അച്ഛന്റെയും അമ്മയുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ എനിക്കൊന്നുമാകാൻ കഴിയില്ലായിരുന്നു. അവരിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. തീരെ ചെറുതായിരിക്കമ്പോൾ തന്നെ എനിക്ക് നടിയാകണമെന്ന് പറഞ്ഞപ്പോൾ അവർ അത് വേണോയെന്ന് പോലും എന്നോട് ചോദിച്ചിട്ടില്ല. ലൊക്കേഷനുകളിൽ അച്ഛനും അമ്മയും മാറി മാറി വരും.
നൃത്തമാണോ സിനിമയാണോ കൂടുതൽ ഇഷ്ടം?
സത്യത്തിൽ എനിക്കറിയില്ല. രണ്ടിനോടും ഒരേയിഷ്ടമാണ്. നൃത്തവും അഭിനയവും ഒന്നിച്ച് കൊണ്ടപോകാൻ പറ്റുമെന്നാണ് തോന്നുന്നത്. തൃശൂർ പൂങ്കുന്നത്താണ് വീട്. ചെന്നൈ എസ്.ആർ.എം കോളജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദം പൂർത്തിയാക്കി. ഇനി ഒരുപാട് ആക്ടിംഗ് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. വായന ഇഷ്ടമാണ്. മോഡലിംഗ് ചെയ്യുന്നുണ്ട്. പാട്ട് കേൾക്കാനും സിനിമ കാണാനുമാണ് ബാക്കി സമയം മാറ്റിവയ്ക്കുന്നത്.
പുതിയ സിനിമകൾ ഏതൊക്കെയാണ്?
നാല് സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കി. ദിലീപിന്റെ സഹോദരനായ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ തട്ടാശ്ശേരിക്കൂട്ടം, ഇടി മഴ കാറ്റ്, സ്റ്റേഷൻ 5, ഡിവോഴ്സ് എന്നീ ചിത്രങ്ങൾ ഉടൻ തീയേറ്ററിലെത്തും. വേറെ കുറച്ച് ചിത്രങ്ങളിലും അഭിനയിക്കാൻ ഒരുങ്ങുകയാണ്.