
തിരുവനന്തപുരം: അമിത് ഷാ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം അമിത് ഷാ വർഗീയവാദി ആണെന്ന പോലെയുളള തേഞ്ഞ് തുരുമ്പിച്ച വാദങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അമിത് ഷായ്‌ക്ക് നേരെ വ്യാജ ഏറ്റുമുട്ടൽ കേസ് ആരോപണം ഉന്നയിക്കുന്ന പിണറായി വിജയൻ ഒരു കൊലക്കേസിലെ പ്രധാന പ്രതിയാണ്. അമിത് ഷായ്ക്ക് എതിരെ സി ബി ഐ കേസ് എടുത്തപ്പോൾ കേരളത്തിലെ നേതാക്കളെ പോലെ നെഞ്ചുവേദന അഭിനയിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന ഏജൻസികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
കോൺഗ്രസ് ഉപേക്ഷിച്ച വിഴുപ്പ് വീണ്ടും എടുത്തിട്ട് അലക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. പറയുന്ന ആളുടെ പാർട്ടിയിൽ മലപ്പുറത്ത് പൊന്നാനിയിൽ പോലും ഒരു ഹിന്ദു സ്ഥാനാർത്ഥിക്ക് മത്സരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുസ്ലിം സ്ഥാനാർത്ഥി വേണമെന്ന് പറഞ്ഞ് പാർട്ടിക്കാർ റോഡിൽ ഇറങ്ങിയിരിക്കുകയാണ്. കുറ്റ്യാടിയിലും അതേ സ്ഥിതിയാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
വൈകുന്നേരം ഒരു മണിക്കൂർ പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. എസ് ഡി പി ഐ ഏതാണ് ഡി വൈ എഫ് ഐ ഏതാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണ് കേരളത്തിലുളളത്. പിണറായി വിജയനെ വിമർശിച്ച പലരും ഇവിടെ മരിച്ചിട്ടുണ്ടല്ലോ. വിമർശിക്കുന്നവരെ വക വരുത്തുക എന്നതാണ് അദ്ദേഹത്തിന്റെ സമീപനമെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഒരു വിവരവും ലഭിക്കാതെ അമിത് ഷാ ഇത് പറയില്ലല്ലോ. യു എ ഇ കോൺസുലേറ്റിൽ സ്വന്തം പാർട്ടി ഓഫീസ് പോലെ മന്ത്രിമാർ കയറി നിരങ്ങി. കോൺസുലേറ്റിൽ പോകാൻ മന്ത്രിമാർക്ക് എന്താണ് അധികാരം. മുഖ്യമന്ത്രി അമിത് ഷായുടെ ഈ ഒരു ചോദ്യത്തിൽ മാത്രം കിടന്ന് തൂങ്ങുന്നത് എന്തിനാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ദുരൂഹ മരണങ്ങളെ കുറിച്ച് എല്ലാം അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി ആകാശവാണി പോലെയാണ്. അങ്ങോട്ട് ആർക്കും ചോദിക്കാൻ പാടില്ല. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി ആണല്ലോ ദുരൂഹ മരണത്തെ കുറിച്ച് ഉന്നയിച്ചത്. അത് തെളിഞ്ഞു വരും. എസ് വി പ്രദീപിന്റെ മരണത്തിന് പിന്നിലുള്ള ദുരൂഹത എന്താണെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ. കെ എം ബഷീറിന്റെ കാര്യത്തിൽ ആയാലും പ്രദീപിന്റെ ആയാലും എന്ത് നടന്നു എന്ന് പിണറായി വിജയൻ ഉത്തരം പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.