
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച ആറ് ഐ ഫോണുകളിൽ ഒരെണ്ണം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും. ബംഗളൂരു മയക്കുമരുന്ന് കേസിൽ ഇപ്പോൾ അവിടെ ജയിലിൽ കഴിയുകയാണ് ബിനീഷ്.
കോടിയേരിയുടെ ഭാര്യ വിനോദിനി ഇതേ ഫോൺ ഉപയോഗിച്ചിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് നാളെ കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. അതിനിടെയാണ് ബിനീഷിനെ ചോദ്യം ചെയ്യാനുള്ള നീക്കം.
ഐ ഫോൺ കുറച്ചുനാൾ ഉപയോഗിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നു കോൾ പട്ടിക പരിശോധിച്ചതിൽ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും ഇ.ഡിയും തീരുമാനിച്ചത്. വിനോദിനിയുടെ പേരിലുള്ള സിം കാർഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള ചില കോളുകളിൽ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ഉണ്ടെന്ന് കണ്ടെത്തിയതാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ ഇ.ഡിയെ പ്രേരിപ്പിച്ചത്.
1.13 ലക്ഷം രൂപയുടെ ഈ ഫോണാണ് വിനോദിനി ഉപയോഗിച്ചത്. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ പ്രകാരം നടത്തിയ പരിശോധനയിൽ ഇതിൽ ആദ്യം ഉപയോഗിച്ചത് വിനോദിനിയുടെ പേരിലുള്ള സിം ആണെന്ന് കണ്ടെത്തി. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ സ്വിച്ച് ഓഫാകുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മറ്റു സിമ്മുകളും ഇതിൽ ഉപയോഗിച്ചെന്നും കസ്റ്റംസ് സൂചിപ്പിക്കുന്നു. ഇതേ ഫോണിൽ വിനോദിനി ചെന്നൈയിലെ വിസ സ്റ്റാമ്പിംഗ് സ്ഥാപനത്തിന്റെ മേധാവിയെ വിളിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.
നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം പിടികൂടിയതിന് ശേഷവും ഈ ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ലൈഫ് മിഷൻ കേസിനൊപ്പം യു.എ.ഇ വിസ സ്റ്റാമ്പിംഗിന് കരാറെടുത്ത യു.എ.എഫ്.എക്സ് സൊല്യൂഷൻസും കേസിന്റെ ചിത്രത്തിലേക്കു വന്നതോടെ ഫോൺ ഓഫാക്കി. യു.എ.എഫ്.എക്സ് സൊല്യൂഷൻസിന്റെ പാർട്ട്ണറെ ബംഗളൂരുവിൽ ബിനീഷ് കോടിയേരി ഉൾപ്പെട്ട കേസിൽ ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഐ ഫോൺ ലഭിച്ചതെങ്ങനെ, സ്വീകരിക്കാനുള്ള കാരണം, സംശയാസ്പദമായ ഫോൺവിളികൾ, ഫോൺ മറ്റാരെങ്കിലുമാണോ ഉപയോഗിച്ചത്, ആർക്കാണ് കൈമാറിയത് അടക്കമുള്ള കാര്യങ്ങളിലാകും കസ്റ്റംസ് വിനോദിനിയിൽ നിന്ന് വ്യക്തത തേടുക.
വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ കിട്ടാനുള്ള കമ്മിഷനായി സ്വപ്ന സുരേഷിന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയതാണ് ആറ് ഐ ഫോണുകൾ. യു.എ.ഇ. കോൺസുലേറ്റ് ജനറൽ അൽ സാബിക്കാണ് സ്വപ്ന ഫോണുകൾ കൈമാറിയത്. ഇതിലൊന്ന് എങ്ങനെ കോടിയേരിയുടെ ഭാര്യയുടെ പക്കൽ എത്തിയെന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. മറ്റ് അഞ്ച് ഫോണുകളുടെ വിവരങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.