
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളോടും സഭയ്‌ക്ക് ഒരേ സമീപനമായിരിക്കുമെന്ന് യാക്കോബായ സഭാ ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്. ഇത്തവണത്തെ സഭാ വിശ്വാസികളുടെ വോട്ട് സഭയ്‌ക്കുളളതായിരിക്കണം. സഭയുടെ നിലനിൽപ്പിനും ഭാവിക്കും വേണ്ടിയായിരിക്കണം. സഭയ്‌ക്ക് ഇനിയും പളളികൾ നഷ്‌ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നത് കേന്ദ്രസർക്കാരിനെ ബോദ്ധ്യപ്പെടുത്തുവാൻ യാക്കോബായ സഭയ്‌ക്ക് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുമായും ചർച്ച നടത്തി. സഭയുടെ പ്രശ്‌നം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ആർക്കാണ് സഭയ്‌ക്ക് നീതി നൽകുവാൻ സാധിക്കുകയെന്ന അന്വേഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സഭയ്‌ക്ക് വോട്ടുചെയ്യുകയെന്നാൽ സഭാ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നോ സ്ഥാനാർത്ഥികളെ നിർത്തുമെന്നോ വ്യാഖ്യാനിക്കോണ്ടതില്ല. അടുത്ത ദിവസങ്ങളിൽ മാനേജിംഗ് കമ്മിറ്റി ചേരുന്നുണ്ട്.അതിലെ തീരുമാനം അന്തിമമായിരിക്കും. അധികം വൈകാതെ നിലപാട് സഭാ വിശ്വാസികളെ അറിയിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.