
നമ്മളിലെല്ലാവർക്കും കുട്ടിക്കാലത്തുളള ചെറിയൊരോർമ്മയാണ് ഉത്സവപറമ്പിൽ നിന്നും കിട്ടുന്ന കുമിളകളുണ്ടാക്കുന്ന കളിപ്പാട്ടം. കുട്ടിക്കാലങ്ങളിൽ സോപ്പ് ലായനിയിൽ മുക്കി കുമിളകളുണ്ടാക്കി പറത്തി കളിക്കാത്തവരായി ആരും ഉണ്ടാകില്ല. മഴവിൽ നിറത്തിലുള്ള കുമിളകൾ പാറിപ്പറന്ന് പോകുന്നതും ക്ഷണ നേരത്തിൽ അലിഞ്ഞില്ലാതാകുന്നതും കുട്ടിക്കാലത്തെ രസകരമായ ഓർമ്മകളിലൊന്നാണ്. എന്നാൽ, തട്ടിക്കളിക്കുന്ന മഴവിൽ വർണത്തിലുള്ള കുമിളകളിൽ താമസിക്കാൻ കഴിഞ്ഞാൽ എങ്ങനെയുണ്ടാകും എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അനുദിനം വളർന്നു വരുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബബിൾ വീടുകളിലും അന്തിയുറങ്ങാൻ സാധിക്കും.
ഫ്രഞ്ച് ഡിസൈനർമാരായ പിയർ സ്റ്റീഫനും ഫെഡറിക്ക് റിച്ചാർഡുമാണ് ബബിൾ വീടുകളുടെ ഡിസൈനർമാർ.100 ശതമാനവും റീസൈക്കിൾ ചെയ്യാൻ കഴിയുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് വീടിന്റെ ഡിസൈൻ. കടൽക്കരയിൽ, പൂന്തോട്ടത്തിൽ, കാടുകളിൽ എന്നിങ്ങനെ എവിടെ വേണമെങ്കിലും ബബിൾ വീടുകൾ സ്ഥാപിക്കാൻ കഴിയും. ബബിളിനുള്ളിൽ ശുദ്ധവായു നിറയ്ക്കാവുന്ന തരത്തിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. പൊടിയോ കൊതുകോ ഒന്നും അകത്ത് കടക്കും എന്ന ഭയവും വേണ്ട.
വെറും 50 കിലോ മാത്രമാണ് ബബിൾ വീടുകളുടെ ഭാരം. വലിപ്പമനുസരിച്ച് വീട്ടിൽ ലിവിംഗ് ഏരിയയും മറ്റും ക്രമീകരിക്കാൻ കഴിയും. മഴക്കാലത്തും ബബിൾ വീടുകളിൽ സുഖമായി ഉറങ്ങാൻ കഴിയും. ഒരു തുള്ളിവെള്ളം അകത്ത് കടക്കുമെന്ന ഭയവും വേണ്ട.
പക്ഷേ സുതാര്യമായതിനാൽ വെയിൽ അകത്ത് കടക്കും. അതിനാൽ തണലത്ത് മാത്രമാണ് ബബിൾ വീടുകൾ സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഇത്തരം ഒരു ഡിസൈൻ എന്തുകൊണ്ടെന്ന് ചോദിച്ചാൽ ആർക്കിടെക്റ്റുമാർ ഇരുവരും ഒരേ സ്വരത്തിൽ പറയും. ഊതിപ്പറത്തിയ ആ കുഞ്ഞ് ബബിളിനുള്ളിൽ ഒരിക്കലെങ്കിലും ഉറങ്ങണമെന്ന് കുട്ടിക്കാലത്ത് എപ്പോഴോ തോന്നിയ മോഹം.