
ഫാഷൻ ലോകത്തെ അടിമുടി മാറ്റിമറിച്ചൊരു വ്യക്തിയാണ് ലോകപ്രശസ്ത ഫ്രഞ്ച് ഡിസൈനറായ പിയറി കാർഡിൻ. സോഷ്യൽ മീഡിയയിൽ ഹിറ്റായ ബബിൾ ഹൗസിന്റെ ഉടമസ്ഥനാണ് അദ്ദേഹം. ഫ്രാൻസിലെ കാൻസ് മലനിരകളെ അഭിമുഖീകരിച്ചാണ് ബബിൾ ഹൗസ് നിലകൊള്ളുന്നത്. കുറച്ചധികം കുമിളകൾ ചേർത്തു വച്ചത് പോലെയാണ് അത്യപൂർവമായ ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1,200 ചതുരശ്രയടി വീതം വിസ്തൃതിയുള്ള പത്തോളം ചെറുതും വലുതുമായ കുമിളകൾ ചേർന്ന വീട് ആണിത്. എല്ലാം വീടുകളും തമ്മിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന തരത്തിലാണ് നിർമ്മാണം.
ഈ വീടിന്റെ ഇന്നത്തെ വിപണി മൂല്യം 300 മില്യൻ ഡോളറാണ്. 730 ഡോളർ ചെലവിട്ടാൽ ഈ വീട്ടിൽ ഒരു രാത്രി തങ്ങാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. ഒരു പ്രീ ഹിസ്റ്റോറിക്ക് കേവ് കാലത്തിന്റെ പുതിയ രൂപമാണ് ഇൗ വീട് എന്ന് ആർക്കും ഒറ്റ നോട്ടത്തിൽ തോന്നും. പത്തോളം മുറികൾ, മൂന്നു നീന്തൽക്കുളങ്ങൾ, വലിയ പൂന്തോട്ടങ്ങൾ, 500 പേർക്കുള്ള ആംഫി തിയേറ്റർ അങ്ങനെ എല്ലാം ഇവിടെയുണ്ട്.
മെഡിറ്ററേനിയൻ കടലിനെ അഭിമുഖീകരിക്കുന്ന വിധത്തിലാണ് ബബിൾ ഹൗസ് നിർമ്മാണം. ഹംഗേറിയൻ ആർക്കിടെക്റ്റ് ആന്റി ലോവാൻഗ് ആണ് വീടിന്റെ ശില്പി. പാരീസിലെ വസതിയിൽ ഡിസംബർ 29നാണ് പിയറി അന്തരിച്ചത്. ഫാഷൻ ലോകത്ത് നിരവധി തരംഗങ്ങൾക്ക് തുടക്കമിട്ട ഡിസൈനറാണ് പിയറി കാർഡിൻ. കുമിളകളും ജ്യാമിതീയ രൂപങ്ങളുമുള്ള ഡിസൈനുകൾ എപ്പോഴും പിയറിയുടെ വസ്ത്രങ്ങളുടെ സവിശേഷതയായിരുന്നു. അതുകൊണ്ടുതന്നെയാകാം കുമിള വീട് നിർമ്മിക്കാനുള്ള പ്രചോദനം പിയറിക്ക് ഉണ്ടായതെന്നും കരുതുന്നു.