
കോട്ടയം: എക്സൈസിനും പൊലീസിനും തലവേദനയായി മാറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ചാരായവില്പനക്കാരൻ അവസാനം കുടുങ്ങി. മേച്ചാൽ തൊട്ടിയിൽ പോൾ ജോർജ്ജ് (43) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 16 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും പിടിച്ചെടുത്തു. യു-ട്യൂബ് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അവിടങ്ങളിലെ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിനോദ സഞ്ചാരികൾക്ക് ചാരായ വിൽപ്പന നടത്തി വന്നിരുന്ന ആളാണ് പോൾ ജോർജ്. ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ പോൾ ജോർജ് എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുകയായിരുന്നു പതിവ്. മൂന്നിലവ്, മേച്ചാൽ, പഴുക്കാക്കാനം മേഖലയിലെ ചാരായ വിൽപ്പനക്കാരനാണ് ഇയാളെന്ന് എക്സൈസ് വ്യക്തമാക്കി.
പ്രതിമാസം 100 ലിറ്ററിലേറെ ചാരായമാണ് ഇയാൾ വിറ്റിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 1001 രൂപയാണ് ഇയാൾ വാങ്ങിയിരുന്നത്. ബൈക്കിലും കാറിലുമായാണ് ഇയാൾ ചാരായം വിതരണത്തിന് കൊണ്ടുപോയിരുന്നത്. ചാരായം വാഹനത്തിൽ കയറ്റുമുമ്പേ ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവയ്ക്കും. ഇതുവച്ചാൽ പിന്നെ പൊലീസോ എക്സൈസോ തിരിഞ്ഞുനോക്കില്ലെന്നാണ് ഇയാളുടെ വിശ്വാസം. കൂടാതെ വില്പന പൊടിപൊടിക്കുകയും ചെയ്യും.
പോളിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത 150 ലിറ്റർ വാഷ് എക്സൈസ് നശിപ്പിച്ചു. വാറ്റുപകരണങ്ങളും ചാരായവും തെളിവായി എക്സൈസ് കസ്റ്റഡിയിലെടുത്തു. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാഡോ എക്സൈസ് സംഘാംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, കെ.വി.വിശാഖ്, നൗഫൽ കരിം എന്നിവരാണ് ഇല്ലിക്കൽക്കല്ലിൽ എത്തി പോളിനെ കസ്റ്റഡിയിലെടുത്തത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ള, പ്രിവന്റീവ് ഓഫീസർ ബിനീഷ് സുകുമാരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എബി ചെറിയാൻ, കെ.ടി.അജിമോൻ, പ്രദീപ് ജോസഫ്, ജസ്റ്റിൻ തോമസ്, പ്രിയ കെ.ദിവാകരൻ, എക്സൈസ് ഡ്രൈവർ ഷാനവാസ് എന്നിവർ പങ്കെടുത്തു.