ambani

മുംബയ്: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടക വസ്‌തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. പി പി ഇ കിറ്റ് ധരിച്ചെത്തിയ ആളാണ് സ്‌ഫോടക വസ്‌തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നിൽ ഉപേക്ഷിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

പി പി ഇ കിറ്റ് ധരിച്ചെത്തിയ ഇയാൾ സ്‌ഫോടക വസ്‌തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നിൽ ഉപേക്ഷിച്ച ശേഷം നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുളളത്. പിന്നാലെ സമീപത്തായി നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്‌തു.

ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്‌ക്ക് സമീപത്തുനിന്നാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ കാർ കണ്ടെത്തിയത്. കാറിൽ ഇരുപത് ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ മോഷ്‌ടിക്കപ്പെട്ടതാണെന്നും മുംബയ് സ്വദേശിയായ മൻസുഖ് ഹിരേൻ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് മുംബയിലെ കടലിടുക്കിൽ വാഹന ഉടമയായ മൻസുഖിനെ മരിച്ചനിലയിൽ കണ്ടെത്തിയതോടെ ദുരൂഹത വർദ്ധിക്കുകയായിരുന്നു. കേസ് എൻ ഐ എയ്‌ക്ക് കൈമാറി ആഭ്യന്തരമന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയിരുന്നു.