
കൊൽക്കത്ത: സെൻട്രൽ കൊൽക്കത്ത സ്ട്രാൻഡ് റോഡിലെ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 9 പേർ മരിച്ചു. ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ കിഴക്കൻ, തെക്കൻ റെയിൽവേ ഓഫീസുകൾ സ്ഥിതിചെയ്യുന്ന 13-ാം നിലയിലാണ് തിങ്കളാഴ്ച രാത്രി തീ പടർന്നത്.
അഗ്നിരക്ഷാ സേനയുടെ 25 ഓളം ഫയർ എൻജിനുകളെത്തിയാണ് തീ അണച്ചത്.
മരിച്ചവരിൽ നാല് അഗ്‌നിശമന സേനാംഗങ്ങളും, രണ്ട് ആർ.പി.എഫ് ജവാന്മാരും, ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. അഞ്ച് മൃതദേഹങ്ങൾ ലിഫ്റ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ശ്വാസംമുട്ടിയും പൊള്ളലേറ്റുമാണ് ഇവർ മരിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാത്രി പതിനൊന്നോടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തീപിടിത്തത്തിനിടെ ലിഫ്റ്റ് ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് മമത പറഞ്ഞു.
'തീപിടിത്തമുണ്ടായത് റെയിൽവേയുടെ കെട്ടിടത്തിലാണ്. റെയിൽവേക്കാണ് ഉത്തരവാദിത്വം. രക്ഷാപ്രവർത്തനത്തിനായി കെട്ടിടത്തിന്റെ മാപ്പ് നൽകാൻ പോലും റെയിൽവേ തയ്യാറായില്ല. ദുരന്തത്തിന് മീതേ രാഷ്ട്രീയം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ റെയിൽവേയിൽ നിന്ന് ഉത്തരവാദിത്വപ്പെട്ട ആരും സംഭവസ്ഥലത്ത് എത്തിയില്ലെന്നും' മമത ചൂണ്ടിക്കാട്ടി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപാ വീതം ധനസഹായവും, സർക്കാർ ജോലിയും നൽകുമെന്ന് മമത പ്രഖ്യാപിച്ചു.
സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലും അനുശോചിച്ചു.