
തുടർന്ന് അലക്സാൻഡ്രിയ യൂണിവേഴ്സിറ്റിയിൽ എത്തുന്നു. ഗവേഷക സംഘത്തിന്റെ തലവൻ യഹിയ അൽ ഇബ്രാഹിമിന്റെ കൊലപാതകത്തിനാണ് അവൾ അവിടെ സാക്ഷ്യം വഹിക്കുന്നത്. അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഹേബ എന്നന്നേക്കുമായി അപ്രത്യക്ഷയാകുന്നു. അഗതാ ക്രിസ്റ്റിയുടെ രചനകളുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ഡി സി ബുക്ക്സ് നടത്തിയ ക്രൈം ഫിക്ഷൻ നോവൽ മത്സരത്തിൽ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലു നോവലുകളിൽ ഒന്നാണ് ഡാർക്ക് നെറ്റ് ദി ഡിജിറ്റൽ അണ്ടർ വേൾഡ് എന്ന നോവൽ ഓരോ വരിയിലും ആകാംക്ഷ നിറച്ചുവയ്ക്കുന്ന നോവലാണ്.
ഈജിപ്ഷ്യൻ മിത്തോളജിയും, കൊലപാതകവും, കുറ്റാന്വേഷണവും, കേരള പൊലീസും സൈബർ സാങ്കേതികതയുമൊക്കെ കടന്നു വരുന്ന ഈ നോവൽ ഒരു കുറ്റാന്വേഷണ നോവൽ എന്നതിനപ്പുറം ഡാർക്ക് നെറ്റ് എന്ന ഡിജിറ്റൽ സങ്കേതത്തെ കുറിച്ച് വായനക്കാർക്ക് അടിസ്ഥാന വിവരങ്ങൾ കൂടി പകർന്നു നൽകുന്ന ഒന്നാണ്.
എന്താണ് ഡാർക്ക് നെറ്റ്? പുതിയ ലോകത്തിന്റെ പുതിയ അധോലോകം. തീവ്രവാദം, മയക്ക് മരുന്ന്, ആയുധ കച്ചവടം, നിയമവിരുദ്ധ കടത്തുകൾ, ചൈൽഡ് പോൺ ഹാക്കിംഗ്, ഫിഷിംഗ്, റെഡ് റൂം കൊലപാതങ്ങൾ, അനധികൃത ബിറ്റ് കോയിൻ കറൻസി ഇടപാടുകൾ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള വൻ തോതിലുള്ള ഫണ്ടിംഗ്, ലൈംഗിക അടിമകളെ വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം തുടങ്ങി സമൂഹം എന്തൊക്കെ അരുത് എന്ന് കല്പിച്ചിട്ടുണ്ടോ അതെല്ലാം നിർബാധം ഇവിടെ നടക്കുന്നു.
ഡാർക്ക് നെറ്റിനെ കുറിച്ച് പ്രചരിക്കുന്ന കെട്ടുകഥകളും അസത്യ പ്രചരണങ്ങളും ഡാർക്ക് നെറ്റിനെ കൂടുതൽ ഇരുണ്ടതാക്കി തീർത്തിട്ടുണ്ട്. ഇതിലൊക്കെ എത്രത്തോളം വാസ്തവമുണ്ട്? പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അധോലോകം നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നത്? കുറ്റകൃത്യങ്ങൾ ഇന്ന് പ്രാദേശികമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന സംഭവങ്ങൾ അല്ല. മറിച്ചു ലോക വ്യാപകമായി വേൾഡ് വൈഡ് വെബിലൂടെയാണ് ആസൂത്രണം ചെയ്യുന്നതും നടപ്പിൽ വരുത്തുന്നതും .തീർത്തും സുരക്ഷിതരായി സൈബർ ക്രൈമുകൾ നടത്താനും, നിയമത്തിന്റെ മുന്നിൽ പെടാതെ മറഞ്ഞിരിക്കാനും, ഡാർക്ക് നെറ്റ്ഇന്ന് വ്യക്തികളെ പ്രാപ്തരാക്കുന്നു. അത് തടയാൻ നമ്മുടെ പൊലീസ് എത്രത്തോളം സജ്ജരാണ്? ക്രിമിനൽ പ്രവർത്തനങ്ങൾക്കുള്ള ഒരിടമാണ് ഡാർക്ക് നെറ്റ് എന്ന വിശ്വാസം ശരിയാണോ? ലോകത്തിൽ ഏറ്റവും കൂടുതൽ വിവരങ്ങൾ നമുക്ക് തരാൻ കഴിയുന്ന ഡാർക്ക് നെറ്റിലെ ഹിഡൻ വിക്കി പോലുള്ള അറിവിന്റെ കലവറകൾ സാധാരണക്കാർക്ക് എത്രത്തോളം പ്രാപ്യമാണ്. ഡാർക്ക് നെറ്റിനെ കുറിച്ചുള്ള ഇത്തരം നിരവധി ചോദ്യങ്ങൾ നമുക്ക് മുന്നിലേക്ക് ഇട്ടു തരികയാണ് ഡാർക്ക് നെറ്റ് ദി ഡിജിറ്റൽ അണ്ടർവേൾഡ് എന്ന മലയാളം നോവൽ.
(പ്രസാധകർ: ഡി.സി ബുക്സ്,വില₹ 370)