
മനുഷ്യബന്ധങ്ങളുടെ പടർച്ചകളുടെ നോവൽ
ഡോ.എം. എ. സിദ്ദിഖ്
ഷെല്ലി തന്റെ A Defence of Poetry യിൽ കവിതയെ പറ്റി പറയുന്ന ഒരു കാര്യം, ''ഒരു മനുഷ്യൻ മറ്റൊരാളുടെ സ്ഥാനത്തേക്കു തന്നെത്തന്നെ പ്രതിഷ്ഠിക്കുകയാണ്. അങ്ങനെ അയാൾ തന്റെ വർഗത്തിന്റെ വേദനകളും ആനന്ദങ്ങളും സ്വന്തമാക്കുന്നു."" എന്നാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നോവൽ എന്ന സാഹിത്യവിഭാഗത്തെക്കുറിച്ച് വേണമെങ്കിലും ഷെല്ലിയുടെ ഈ വാക്കുകൾ ഉപയോഗിക്കാം. ഇത്തരത്തിൽ ഒരു വർഗത്തിന്റെ വേദനകളും ആനന്ദങ്ങളും തുടങ്ങി നിരവധി അനവധിയായ ജീവിതവഴികളിലൂടെ മനുഷ്യബന്ധങ്ങളുടെ ഇടചേരലുകളെ അതിന്റെ പടർച്ചകളെയൊക്കെ തികഞ്ഞ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്ന നോവലാണ് രതീഷ് ബാബുവിന്റെ പ്രഥമ കൃതിയായ 'നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും."
ആമുഖത്തിൽ കഥാകാരൻ തന്നെ പറയുന്നത് ജീവിതത്തിൽ ആകെ അഞ്ച് കഥകൾ മാത്രമെഴുതുകയും, ആറാമത്തെ കഥ എഴുത്ത് എന്നത് പതിയെ നോവലായി മാറുകയുമായിരുന്നു എന്നാണ്. ഇത്തരത്തിൽ പരിമിതമായ കഥകളെക്കുറിച്ച് പറഞ്ഞിരിക്കുന്നതുകൊണ്ടുമാത്രം നോവലിസ്റ്റിനെക്കുറിച്ച് അൽപ്പം ചില കാര്യങ്ങൾ പറയാതെ പോകുന്നത് ശരിയല്ല എന്ന് ഞാൻ കരുതുന്നു. വ്യക്തമായ രാഷ്ട്രീയ ബോദ്ധ്യങ്ങൾ പുലർത്തുന്നയാളാണ് നോവലിസ്റ്റ് എന്നിരിക്കെ തന്നെ പരിമിതമായ എഴുത്തു സാഹചര്യങ്ങൾ ഒരുക്കുന്ന ഇടുക്കിൽ തന്റെ രാഷ്ട്രീയം ഒളിച്ചുകടത്താനുള്ള ശ്രമം കഥാകാരൻ തന്റെ മറ്റു കഥകളിൽ നടത്താറുണ്ട് എന്നും എന്നാൽ അത്തരം ഒളിച്ചുകടത്തലുകൾ ഈ നോവലിൽ കണ്ടില്ല എന്നും പല സുഹൃത്തുക്കളും പറയുകയുണ്ടായി. എന്നാൽ ഞാൻ വിചാരിക്കുന്നത് ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ ആഴത്തിൽ സ്വാധീനിച്ച ഒരു എഴുത്തുകാരനെയാണ്.
ഒരു തിരക്കഥാകൃത്ത് ആയതുകൊണ്ടുതന്നെ തന്റെ കാഴ്ചകളെ ആസ്വാദകരിലേക്ക് പതിപ്പിച്ചെടുക്കുന്ന തരത്തിൽ അഥവാ വായനയെ കാഴ്ചയുടെ വലിയ ലോകത്തേക്ക് മാറ്റാൻ കഥാകാരന് കഴിഞ്ഞിരിക്കുന്നു എന്നുള്ളത് ബാദ്ധ്യതകളില്ലാതെ ഈ നോവൽ വായിക്കാം എന്നതുപോലെ തന്നെ ഇതിന്റെ സവിശേഷതയായി നിൽക്കുന്നു. ഒരു ചലച്ചിത്രം ഇടവേളകളില്ലാതെ കണ്ടിറങ്ങുന്നതുപോലെ ഈ നോവലിലൂടെ നമുക്ക് യാത്രചെയ്യാം. മറ്റൊന്ന് ഈ നോവലിൽ കാണുന്ന മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ളതാണ്.
പുസ്തകപ്രസാധകർ:ഗ്രീൻ ബുക്സ്, വില ₹135
ഏലിയാമ്മച്ചേട്ടത്തി, മാറ്റത്തിന്റെ കഥ
ആർ.ബി. ശ്രീകുമാർ
വേണുഗോപാൽ. വി എഴുതിയ 'ഏലിയാമ്മ ചേട്ടത്തി" എന്ന നോവൽ മദ്ധ്യതിരുവിതാംകൂറിൽ നിന്നും വയനാടൻ കുന്നിൻ പ്രദേശത്തേക്ക് കുടിയേറി കഠിനാദ്ധ്വാനം ചെയ്തു കൃഷിയിലൂടെ ധനികരായ ചാക്കോ ജോർജ് കോയിക്കൽ- ഏലിയാമ്മ കുടുംബത്തിന്റെ കഥ പറയുന്നു.
ഇൗ കൃതിയുടെ മുഖ്യപ്രമേയം, സാമൂഹ്യ കുടുംബപര സാംസ്കാരിക ഇടപാടുകളിൽ യഥാസ്ഥിതികത്വവും അതിനനുബന്ധമായ നടപടികളും നടപ്പാക്കുന്നതിൽ ഉറച്ച നിലപാടുള്ള ഏലിയാമ്മ ചേട്ടത്തിയും ബാല്യം മുതൽ തുടങ്ങിയ ദിവ്യമായ പ്രേമബന്ധത്തിന്റെ വൈകാരികതയിൽ അചഞ്ചലമായി തുടരുന്ന അവരുടെ പുത്രിയായ കുസും ചാക്കോയും ദളിതനായ ബേബി പൗലോസ് കോരയും തമ്മിലുള്ള സംഘർഷവും മത്സരവുമാണ്. ഏലിയാമ്മയുടെ ദുരഭിമാന വിജയത്തിനായി എന്തധാർമ്മികപ്രവർത്തി ചെയ്യാനും തയ്യാറുള്ള ജ്യേഷ്ഠസഹോദരൻ പുത്തൻപുരയ്ക്കൽ മത്തായി വർഗീസ് (ചട്ടമ്പി മത്തായി), ബേബിയും മാതാപിതാക്കളായ കോരുതും മാർത്തയും താമസിച്ചിരുന്ന വീട് തീവച്ച് നശിപ്പിക്കുന്നു. വീടും ബേബിയുടെ മാതാപിതാക്കളും വെന്തുമരിക്കുന്നു. ബേബി സംഭവത്തിന് തലേദിവസം എറണാകുളത്ത് പോയിരുന്നതിനാൽ രക്ഷപ്പെടുന്നു.
ഇൗ നോവലിലെ അധിക കഥാപാത്രങ്ങളും അവരുടെ പാരസ്പര്യവും ധനാർത്ഥിയുടെയും ആധുനിക ഭൗതികതയുടെയും പ്രായോഗിക ബുദ്ധിയുടെയും സ്വാധീനത്തിൽ ഉണ്ടായ മനുഷ്യന്റെ പദാർത്ഥവൽക്കരണവും ബന്ധുക്കളുടെ വാണിജ്യവത്ക്കരണവും ചിത്രീകരിക്കുന്നുണ്ട്. ദുരഭിമാനവും നീതിയുക്തമല്ലാത്ത ആഭിജാത്യബോധവും കാരണം ജാതിശൃംഖലയിലും സാമൂഹ്യരീതികളിലുമുള്ള ഉച്ചനീചത്വങ്ങളുടെ ചട്ടക്കൂട് തകർക്കാൻ മനസില്ലാതെ തദ്ദേശീയ സംസ്കാരകമായി തുടരുന്ന കീഴ്വഴക്കങ്ങളെ ലംഘിക്കാൻ തയ്യാറാവാത്ത ശക്തമായ വ്യക്തിത്വമാണ് ഏലിയാമ്മ ചേട്ടത്തിയുടേത്.
നോവലിസ്റ്റ് വേണുഗോപാൽ, ക്രിസ്ത്യൻ സമുദായത്തിൽ വർഗബോധത്തേക്കാളും ശക്തമായി നിലനിൽക്കുന്ന ജാതിചിന്തയെ യഥാതഥമായി വിവരിച്ചിട്ടുണ്ട്. സവർണനെന്ന അസ്ഥിത്വമനോഭാവം ബഹുഭൂരിപക്ഷം ക്രിസ്ത്യാനികൾക്കുമുണ്ട്. നോവലിലെ പല നാടകീയ അവസരങ്ങളിലും ക്രിസ്ത്യൻ ദർശനവുമായി കൂട്ടിച്ചേർത്തു വായിക്കാൻ ബൈബിളിലെ പുതിയ നിയമത്തിലെ സുവിശേഷങ്ങളും സദൃശ്യവാക്യങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. അവ വളരെ പ്രസക്തമാണ്. ബൈബിൾ ദർശനമൂല്യങ്ങൾ ഹൃദിസ്ഥമാക്കിയവരെങ്കിലും ഏലിയാമ്മ ചേട്ടത്തിയെ പോലെ അപരന് ദുഃഖം കൊടുക്കുന്ന ഭൂതകാല പാരമ്പര്യങ്ങൾക്കര അടിമയാകാതെ ജീവിതവീക്ഷണം മാറ്റാൻ ശ്രമിക്കുമെന്ന് പ്രത്യാശിക്കാം.
(മുൻ ഗുജറാത്ത് ഡി.ജി.പിയാണ് ആർ.ബി. ശ്രീകുമാർ)
പ്രസാധകർ: പെലിക്കൻ ബുക്ക്സ്, ₹380