
ലണ്ടൻ: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിന് ഇന്ത്യൻ സ്പിൻ ആൾറൗണ്ടർ ആർ.അശ്വിൻ അർഹനായി. ഇംഗ്ലണ്ടിനെതിരെ ബാറ്റുകൊണ്ടും ബാളും കൊണ്ടും തകർപ്പൻ പ്രകടനം നടത്തി ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രകടനമാണ് അശ്വിനെ അവാർഡിന് അർഹനാക്കിയത്.15.70 ശരാശരിയിൽ 24 വിക്കറ്റുകളാണ് കഴിഞ്ഞ മാസം അശ്വിൻ അക്കൗണ്ടിലാക്കിയത്. ഒരു സെഞ്ച്വറി ഉൾപ്പെടെ 35.2 ശരാശരിയിൽ 176 റൺസും കഴിഞ്ഞ മാസം അശ്വിൻ നേടി.
പരമ്പരയിൽ ആകെ അശ്വിൻ 32 വിക്കറ്റുകളാണെടുത്തത്. പരമ്പരയിലെ താരവും അശ്വിനായിരുന്നു. ന്യൂസിലൻഡിതിരായ ഏകദിന പരമ്പരയിൽ 3 അർദ്ധ സെഞ്ച്വറി ഉൾപ്പെടെ 231 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടാണ് കഴിഞ്ഞ മാസത്തെ മികച്ച വനിതാ താരം. ജനുവരി മുതലാണ് പ്ലെയർ ഒഫ് ദ മന്ത് പുരസ്കാരം ഐ.സി.സി നൽകിത്തുടങ്ങിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് ആദ്യമായി പുരസ്കാരം സ്വന്തമാക്കിയത്.
വിജയികളെക്കുറിച്ച് ഐ.സി.സി വോട്ടിംഗ് അക്കാഡമി പ്രതിനിധി ഇയാൻ ബിഷപ്പ്
അശ്വിന്റെ സ്ഥിരതയുള്ള പ്രകടനം വളരെ നിർണായകമായ പരമ്പരയിൽ അദ്ദേഹത്തിന്റെ ടീമിന് മുന്നേറുന്നതിന് ഏറെ സഹായകമായി. രണ്ടാം ടെസ്റ്റിൽ ടീം വലിയ പ്രതിസന്ധി നേരിടുമ്പോൾ അദ്ദേഹം നേടിയ സെഞ്ച്വറി എതിരാളികളെ മാനസികമായും തളർത്തിക്കളഞ്ഞു.
മൂന്ന് അർദ്ധസെഞ്ച്വറികളിൽ രണ്ടും സ്വന്തം ടീമിന്റെ വിജയമുറപ്പിച്ച ഇന്നിംഗ്സുകൾ. മഹരത്തരമായിരുന്നു ബ്യൂമോണ്ടിന്റെ പ്രകടനം