uthrakhand

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കാൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് (60)​ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം രാജിവച്ചു.

റാവത്തിന്റെ നാലു വർഷത്തെ ഭരണം മോശമാണെന്നും ജനപിന്തുണ നഷ്ടമായെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പാർട്ടി പരാജയപ്പെടുമെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് അഴിച്ചുപണി.

നാല് മന്ത്രിമാരുൾപ്പെടെ 10 എം.എൽ.എമാർ പരാതിയുമായി ഡൽഹിയിൽ എത്തിയിരുന്നു. റാവത്തിനെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് പല എം.എൽ.എമാരും ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കേന്ദ്ര നേതൃത്വം പാർട്ടി ഉപാദ്ധ്യക്ഷൻ രമൺ സിംഗ്, ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരെ നിരീക്ഷകരായി സംസ്ഥാനത്തേക്ക് അയച്ചു. ഇവർ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്ക് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ മാറ്റാൻ ശുപാർശ ചെയ്‌തു. തുടർന്ന് തിങ്കളാഴ്ച റാവത്തിനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.

ഇന്നലെ സംസ്ഥാനത്ത് തിരിച്ചെത്തിയ റാവത്ത് ഗവർണർ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് നൽകി.

ഇന്ന് വീണ്ടും എത്തുന്ന കേന്ദ്ര നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ നിയമസഭാ കക്ഷി ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്തിനാണ് കൂടുതൽ സാദ്ധ്യത. എം.പിമാരായ അജയ് ഭട്ട്, അനിൽ ബാലുനി എന്നിവരും പരിഗണനയിലുണ്ട്. കുമയൂൺ മേഖലയിലെ എം.എൽ.എ പുഷ്‌കർ സിംഗ് ധാമിയെ ഉപ മുഖ്യമന്ത്രിയാക്കാനും നീക്കമുണ്ട്. മന്ത്രിസഭാ പുനഃസംഘടനയും നടന്നേക്കും.

2017ലെ തിരഞ്ഞെടുപ്പിൽ 70ൽ 57 സീറ്റും നേടി ബി.ജെ.പി, കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ റാവത്തിന്റെ ഭരണശൈലി പാർട്ടിയിലും എതിർ‌പ്പുകൾക്ക് ഇടയാക്കിയിരുന്നു.

കുംഭമേളയ്‌ക്ക് സർക്കാർ നടത്തിയ ഒരുക്കങ്ങളും ചമോലിയിലെ മിന്നൽ പ്രളയത്തെ നേരിട്ട രീതിയും വിമർശനത്തിനിടയാക്കിയിരുന്നു. അതുപോലെ സുപ്രീംകോടതി റദ്ദാക്കിയ പദ്ധതികളുമായി മുന്നോട്ട് പോയതും വിനയായി.