
മുംബയ്: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചത് പി.പി.ഇ കിറ്റ് ധരിച്ചെത്തിയാളെന്ന് വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്. ഇയാൾ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നിൽ ഉപേക്ഷിച്ച ശേഷം നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സമീപത്തായി നിറുത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്തുനിന്നും ഇരുപത് ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ കാർ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ മോഷ്ടിക്കപ്പെട്ടതാണെന്നും മുംബയ് സ്വദേശിയായ മൻസുഖ് ഹിരേൻ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് മുംബയിലെ കടലിടുക്കിൽ മൻസുഖിനെ മരിച്ചനിലയിൽ കണ്ടെത്തിയതോടെ ദുരൂഹത വർദ്ധിക്കുകയായിരുന്നു. കേസ് എൻ.ഐ.എക്ക് കൈമാറി ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.