ahaana-krishna

തന്റെ അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ പ്രസ്താവനകളെ തള്ളി നടി അഹാന കൃഷ്ണ. താൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല എന്നും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും തന്നെ അകറ്റി നിർത്തണമെന്നും അഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് പറയുന്നത്. താൻ ആർക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നുമാണ് നടി പറയുന്നത്.

ബിജെപിക്കാരന്റെ മകളായതിനാൽ തന്റെ മകൾ അഹാനയെ 'ഒരു സിനിമയിൽ' നിന്നും മാറ്റിനിർത്തി എന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞിരുന്നു. 'ഒരു വലിയ നടന്റെ' ചിത്രത്തിൽ നിന്നുമാണ് അഹാനയെ ഒഴിവാക്കിയതെന്നും കൃഷ്ണകുമാർ പറഞ്ഞു.

വിഷയം വിവാദമായതിനെ തുടർന്ന് നിർമാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ എൻഎം ബാദുഷാ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു. അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്നും നടൻ പൃഥ്വിരാജിന് വിഷയത്തിൽ പങ്കില്ലെന്നുമാണ് ബാദുഷാ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

അഹാനയുടെ വാക്കുകൾ ചുവടെ:

ഞാൻ ചിത്രത്തിലേയില്ല. ഞാൻ ഒന്നും പറഞ്ഞിട്ടില്ല. സംസാരിച്ചിരിക്കുന്ന ആളുകൾക്ക് ഞാനുമായി ബന്ധമുണ്ടായേക്കാം. അത് എപ്പോഴും വേറൊരു വ്യക്തിയുടെ അഭിപ്രായം തന്നെയാണ്. എന്നെ ഇതിൽ ഉൾപ്പെടുത്തരുത്. എനിക്കീ നാടകവുമായി യാതൊരു ബന്ധവുമില്ല. ഞാൻ ഇപ്പോൾ പോണ്ടിച്ചേരിയിലാണ്. എല്ലാമിൽ നിന്നും വഴിമാറി നിൽക്കുകയാണ്. നിങ്ങൾക്ക് ഇതേക്കുറിച്ച് അറിവില്ലെങ്കിൽ ഞാൻ പറയുന്നത് അവഗണിക്കുക. എന്റെ മുഖമോടെയുള്ള എന്തെങ്കിലും വാർത്ത ഇതുമായി ബന്ധപ്പെട്ട് കണ്ടിട്ടുണ്ടെങ്കിലും അതവഗണിക്കുക. ഞാനുമായി അതിനു ഒരു ബന്ധവുമില്ല.

എല്ലാവർക്കും ഒരു വ്യക്തത കിട്ടാൻ വേണ്ടി പറയുകയാണ്. ഞാൻ പൃഥ്വിരാജിന്റെ വലിയ ഫാനാണെന്നുള്ള കാര്യം ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് അതങ്ങനെയല്ല എന്ന് കാണിക്കുന്ന, ദേഷ്യം വരുത്തുന്ന, വാർത്തകൾ കൊണ്ടുവരാതിരിക്കുക. പൃഥ്വിരാജ് നടനായത് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഒരു ഹ്യൂജ് ഫാനാണ്. ഞാൻ എന്നും അങ്ങനെ തന്നെയായിരിക്കും. എന്റെ മുഖം തംബ്നെയിൽ ആയി വച്ചുകൊണ്ടുള്ള ആവശ്യമില്ലാത്ത വാർത്തകൾ കാണുന്നത് അൽപ്പം അറപ്പുളവാക്കുന്ന കാര്യമാണ്. ഞാൻ ശരിക്കും പൃഥ്വിരാജിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. അദ്ദേഹത്തോട് ഒരുപാട് ബഹുമാനവുമുണ്ട്.

ahaana1

ചിലപ്പോഴൊക്കെ വിചിത്രമാണ് ഇത്തരം കാര്യങ്ങൾ. നമുക്ക് സത്യത്തിൽ ഒരു പങ്കും കാണില്ല. മറ്റൊരാളുടെ പ്രവൃത്തികൾ മൂലം നമ്മുടെ പേര് ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു... ഐ മീൻ...ലൈക്ക്.. എന്താണ് സംഭവിക്കുന്നത്? ഞാൻ അക്കാര്യം ഇങ്ങനെ ചിന്തിക്കുകയായിരുന്നു. ചില സമയത്ത് നമ്മൾ ഒന്നും ചെയ്തിട്ടുണ്ടാകില്ല. എന്നിട്ടും ഇത്തരം സർക്കിളുകളിലേക്ക് നാം വലിച്ചിഴയ്ക്കെപ്പെടുന്നു. ചുറ്റിനും അലങ്കോലമായിരിക്കും... പക്ഷെ നമ്മൾ എന്താ ചെയ്തത് എന്ന് ചോദിക്കുമ്പോ ഞാൻ ഒന്നും ചെയ്തില്ല... ഞാൻ ഒന്നും പറഞ്ഞില്ലാ... ബട്ട് യാ... സംടൈംസ് ഷിറ്റ് ഹാപ്പൻസ്...

എന്താണ് ചെയ്യേണ്ടതെന്ന് വച്ചാൽ... നിങ്ങൾ നിങ്ങളോടു തന്നെ പറയുക...നമ്മൾ ഒന്നും ചെയ്തില്ല...എങ്ങനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ് ഉണ്ടായത്. ജസ്റ്റ് ബ്രീത്ത്..ഇതും കടന്നുപോകും എന്ന് പറയുക. വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പറയാനുണ്ട്. നിങ്ങൾ ഈ സംഭവത്തെ കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെങ്കിൽ ദയവ് ചെയ്ത് എന്തുപറ്റി... എന്നൊന്നും എന്നോട് മെസേജ് അയച്ച് ചോദിക്കരുത്. എനിക്ക് ഉത്തരങ്ങൾ നൽകാനുള്ള എനർജി ഇല്ല. ഞാൻ ഒന്നും നിങ്ങളോടു വിശദീകരിക്കില്ല. എനിക്ക് വിശദീകരിക്കാൻ കഴിയില്ല. (കൺതടങ്ങളിൽ തൊട്ടുകൊണ്ട്) എനിക്ക് കൂടുതൽ ഉറക്കം ആവശ്യമാണ്.

ahaana2

ഇക്കാര്യത്തിൽ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്ന ഒരു ചെറിയ കൂട്ടം ആൾക്കാരോടാണ്... ഞാൻ സിനിമയിൽ ഉണ്ടായിരുന്നു.. പക്ഷെ പിന്നീട് എന്നെ മാറ്റി എന്ന് പറയുന്നവരോട്..നിങ്ങൾക്കൊന്നും വേറെ പണിയില്ലേ? ഓ മൈ ഗോഡ്... ഐ മീൻ...ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ബഹുമാനം അർഹിക്കുന്നയാളാണ് പൃഥ്വിരാജ്. ഈ ഒരു അവസ്ഥയിൽ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് അദ്ദേഹമാണ്. ഇത്രയും താരമൂല്യം ഉണ്ടായിട്ടും വിനയത്തോടെ,സ്നേഹത്തോടെ ഇടപെടുന്ന ഒരാളെ വേറെ കണ്ടതായി ഞാൻ കരുതുന്നില്ല.

നമ്മൾ അത്ര ബഹുമാനിക്കുന്ന, അത്രയും ഇഷ്ടപ്പെടുന്ന ഒരാളുടെ പേരൊക്കെ വച്ച് ഇത്തരം വാർത്തകൾ വരുമ്പോൾ, അത് വളരെ അപമാനകരമാണ്. തെറിവിളിക്കാൻ വരുന്നവർ ലെഫ്റ്റ് ആണെങ്കിലും റൈറ്റ് ആണെങ്കിലും ആദ്യം നേരെ നോക്കുക. ക്ലാരിറ്റിയോടെ ഒന്ന് കാര്യങ്ങൾ നോക്ക്. എന്നിട്ട് വന്ന് ഡയലോഗടിക്കാനും തെറി വിളിക്കാനുമൊക്കെ പോ. ഞാൻ വീണ്ടും പറയുകയാണ്. ഞാൻ യാതൊരു പ്രൊഫഷണൽ പ്രശ്നങ്ങൾ നേരിട്ടിട്ടില്ല. ഞാൻ ആരെയും കുറ്റം പറഞ്ഞിട്ടില്ല. ഐ ഡു നോട്ട് ബിലീവ് ഇൻ ദ കോൺസെപ്ട് ഒഫ് ബ്ലെയ്‌മിങ്ങ്... യാ ദാറ്റ്സ് ഇറ്റ്.