
തിരുവനന്തപുരം: തന്റെ ജീവിതം ഭാരതീയ മൂല്ല്യങ്ങളിൽ അടിയുറച്ചതിന്റെ അടിസ്ഥാനം ആർ.എസ്.എസ് ആണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബി.ജെ.പി സ്ഥാനാർത്ഥിത്വം നൽകിയാൽ സ്വീകരിക്കും. സേവന പ്രവർത്തനങ്ങൾക്ക് അത് അനിവാര്യമാണന്നും ആർ.എസ്.എസ്‌ന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് താനെന്നും ശ്രീധരൻ ഒരു മലയാളം ആഴ്ച്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പാലക്കാട് സ്‌കൂൾ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. ചെറിയ ക്ലാസുമുതൽ വിക്ടോറിയയിലെ ഇന്റർമീഡിയറ്റ് കാലം വരെ അത് തുടർന്നു. ഔദ്യോഗിക പദവിയിൽ രാഷ്ട്രീയം കലർത്താൻ താത്പര്യമില്ലാത്തതിനാൽ ന്യൂട്രൽ സ്റ്റാൻഡ് സ്വീകരിക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഔദ്യോഗിക ചുമതല എല്ലാം കഴിഞ്ഞെന്നും ശ്രീധരൻ വ്യക്തമാക്കി.
പ്രചാരക് ആയിരുന്ന നിലമ്പൂർ കോവിലകത്തെ ടി.എൻ. ഭരതനും രാ. വേണുഗോപാലുമാണ് ശിക്ഷണം നൽകിയത് സംഘശാഖയിൽ എന്റെ ഒപ്പം ആ പ്രായത്തിലുളള ഒട്ടേറെ കുട്ടികളുണ്ടായിരുന്നു. അന്ന് മനസിൽ ഉറച്ച മൂല്യബോധമാണ് ജീവിതത്തിൽ ഉടനീളം പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ധാർമ്മികമൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യം. ആ മൂല്ല്യങ്ങളാണ് തന്റെ സ്വഭാവത്തിന്റെ അടിത്തറ. അത് എല്ലാവരിലും എത്തിക്കണമെന്നാണ് ആഗ്രഹമെന്നും ബി.ജെ.പി പ്രവേശനം അതിനുകൂടിയാണെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.