car-sales

 ഫെബ്രുവരിയിലെ റീട്ടെയിൽ പാസഞ്ചർ വാഹനവില്പന 10.59% കുതിച്ചു

 മൊത്തം റീട്ടെയിൽ വാഹനവില്പനയിൽ 13.43% നഷ്‌ടം

കൊച്ചി: കാറുകളും എസ്.യു.വികളും ഉൾപ്പെടുന്ന പാസഞ്ചർ വാഹനങ്ങളുടെ റീട്ടെയിൽ വില്പന ഫെബ്രുവരിയിൽ 10.59 ശതമാനം കുതിച്ചു. 2.54 ലക്ഷം പുതിയ പാസഞ്ചർ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയത്. 2020 ഫെബ്രുവരിയിൽ വില്പന 2.29 ലക്ഷം യൂണിറ്റുകളായിരുന്നുവെന്ന് ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി.

1.19 ലക്ഷം പാസഞ്ചർ വാഹന യൂണിറ്റുകളുടെ വില്പനയും 49.99 ശതമാനം വിപണിവിഹിതവുമായി മാരുതി സുസുക്കി ഒന്നാംസ്ഥാനമെന്ന കുത്തക നിലനിറുത്തി. 43,873 യൂണിറ്റുകളുടെ വില്പനയും 15.38 ശതമാനം വിപണിവിഹിതവുമായി ഹ്യുണ്ടായ് രണ്ടാംസ്ഥാനത്താണ്. 20,948 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റാ മോട്ടോഴ്‌സാണ് മൂന്നാമത്. ടാറ്റയുടെ വിപണിവിഹിതം 5.65 ശതമാനം. താരതമ്യേന ഇന്ത്യയിലെ പുതിയ കമ്പനിയായ കിയ മോട്ടോഴ്‌സ് 4.49 ശതമാനം വിഹിതവുമായി നാലാംസ്ഥാനം നേടി.

അതേസമയം, കഴിഞ്ഞമാസത്തെ മൊത്തം റീട്ടെയിൽ വാഹന വില്പന കുറിച്ചത് 13.43 ശതമാനം നഷ്‌ടമാണ്. 2020 ഫെബ്രുവരിയിലെ 17.31 ലക്ഷം യൂണിറ്റുകളിൽ നിന്ന് ഇക്കുറി വില്പന 14.99 ലക്ഷം യൂണിറ്റുകളായി ചുരുങ്ങി. 18.89 ശതമാനം വളർന്ന ട്രാക്‌‌ടറുകളാണ് നേട്ടമുണ്ടാക്കിയ മറ്റൊരു വിഭാഗം. ടൂവീലർ, ത്രീവീലർ, വാണിജ്യ വാഹനങ്ങൾ എന്നിവ കഴിഞ്ഞമാസവും കുറിച്ചത് നഷ്‌ടം. ടൂവീലർ ശ്രേണിയിൽ വിറ്റഴിച്ച യൂണിറ്റുകളുടെ 4.93 ലക്ഷത്തിൽ നിന്ന് 3.50 ലക്ഷമായി കുറഞ്ഞെങ്കിലും വിപണിവിഹിതത്തിൽ 32.12 ശതമാനവുമായി ഹീറോ മോട്ടോകോർപ്പ് ഒന്നാംസ്ഥാനം നിലനിറുത്തി.

ഫെബ്രുവരിയിലെ

നേട്ടവും കോട്ടവും

(കഴിഞ്ഞമാസത്തെ വാഹന വില്പന - വിവിധ ശ്രേണികളും വളർച്ചാനിരക്കും)

ടൂവീലർ : -16.08%

ത്രീവീലർ : -49.65%

കാറുകൾ : +10.59%

ട്രാക്‌ടർ : +18.89%

വാണിജ്യം : -29.53%

ആകെ : -13.43%