
ടോകിയോ: ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തെ സുനാമി തകർത്തിട്ട് 11ന് 10 വർഷം തികയും. എന്നാൽ അന്ന് തകർന്ന ആണവനിലയം പൊളിക്കാനും മേഖലയെ പഴയപടിയാക്കാനും ഇനിയും 30 വർഷത്തോളം വേണമെന്നാണ് അധികൃതരുടെ അഭിപ്രായം. ഇവിടുത്തെ ഇന്ധനം നീക്കം ചെയ്യാൻ മാത്രം 2031 വരെ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. സുനാനമിയിൽ പ്രവർത്തനം നിലച്ച നിലയത്തിൽനിന്ന് ആണവ വികിരണം ഒഴിവാക്കാനും കെട്ടിടം പൊളിച്ച് നീക്കാനുമുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കേടുവരാത്ത ഇന്ധനം വീണ്ടെടുക്കുക, ഉരുകിയ ഇന്ധനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക, നിലയം പൊളിച്ചുമാറ്റുക ആണവ വികിരണ സാധ്യതയുള്ള കൂളിഗ് ജലം മാറ്റുക തുടങ്ങിയ പ്രധാന ജോലികളൊന്നും ഇതുവരെ നടന്നിട്ടില്ല. ഇതിനെല്ലാം ചുരുങ്ങിയത് 7600 കോടി ഡോളർ എങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. നാല് നിലയങ്ങൾ നിർമ്മിച്ചത് സമാനമായ രീതിയിൽ ആണെങ്കിലും ഇവിടെയുണ്ടായ പൊട്ടിത്തെറിയുടെ തോത് വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ പൊളിക്കൽ ജോലി പൂർത്തിയാക്കാൻ പ്രത്യോകം സന്നാഹങ്ങൾ വേണം.
ഫുകുഷിമ സ്ഫോടനം
2011 മാർച്ച് 11ന് ജപ്പാനെയും അയൽ രാജ്യങ്ങളെയും പിടിച്ചുലച്ച് റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തൊട്ടുപുറകെ 40 മീറ്റർ നീളമുള്ള സുനാമി തിരകളും ആണവനിലയത്തിലേക്ക് ഇരച്ചുകയറി. തിരമാല എത്തുമ്പോൾ മൂന്ന് നിലയങ്ങളിൽ വൈദ്യുത നിർമ്മാണം പുരോഗമിക്കുകയായിരുന്നു. നിലയത്തിലേക്കുള്ള വൈദ്യുത ലൈനുകൾ ആദ്യം തന്നെ മുറിഞ്ഞുപോയി. അതോടെ എമർജൻസി ജനറേറ്ററുകൾ പ്രവർത്തനം തുടങ്ങി. എന്നാൽ മിന്നിട്ടുകൾക്ക് പിന്നാലെവന്ന രണ്ടാമത്തെ തിര അതും കവർന്നു. തണുപ്പിക്കൽ പ്രക്രീയ മുടങ്ങിയതോടെ റിയാക്ടറുകൾ ചൂടായി ഉരുകാൻ തുടങ്ങി. ഇതോടെ റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും നിലയത്തിന് പുറത്തേക്ക് പ്രവഹിച്ചു. ഇത് കെട്ടിടങ്ങളുടെ മേൽക്കൂരയിൽ തങ്ങി. ഒടുവിൽ പൊട്ടിത്തെറിച്ചു. ഇതോടെ ആണവ വികിരണം സമീപ പ്രദേശങ്ങളിലേക്ക് പ്രവഹിച്ചു.