
ന്യൂഡൽഹി: കേന്ദ്രസർക്കാർ പൂർണമായും വിറ്റൊഴിയുന്ന ഏക പൊതുമേഖലാ വിമാനക്കമ്പനിയായ എയർഇന്ത്യയെ സ്വന്തമാക്കാനുള്ള അവസാനപോരാട്ടത്തിൽ ഏറ്റുമുട്ടുന്നത് ടാറ്റാ ഗ്രൂപ്പും സ്‌പൈസ് ജെറ്റും. സീഷെൽസ് ആസ്ഥാനമായുള്ള ഒരു ഫിനാൻഷ്യൽ ഫണ്ടിന്റെ പിന്തുണയോടെ എയർഇന്ത്യ ജീവനക്കാരും താത്പര്യപത്രം സമർച്ചിരുന്നെങ്കിലും യോഗ്യത നേടാനായില്ല. ഇതു സംബന്ധിച്ച അറിയിപ്പ് എയർഇന്ത്യ ഓഹരി വില്പനയുടെ ട്രാൻസാക്‌ഷൻ അഡ്വൈസർമാരായ എൺസ്‌റ്റ് ആൻഡ് യംഗിൽ നിന്ന് ലഭിച്ചുവെന്ന് ജീവനക്കാരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ മീനാക്ഷി മാലിക് പറഞ്ഞു.
ടാറ്റാ ഗ്രൂപ്പും സ്‌പൈസ് ജെറ്റിന്റെ സ്ഥാപകൻ അജയ് സിംഗുമാണ് എയർഇന്ത്യയ്ക്കായി സജീവമായി രംഗത്തുള്ളത്. എന്നാൽ, താത്പര്യപത്രത്തിന്റെ വിശദാംശങ്ങൾ ഇരുവരും വ്യക്തമാക്കിയിട്ടില്ല. ന്യൂയോർക്ക് ആസ്ഥാനമായുള്ള പ്രവാസി കൂട്ടായ്‌മയായ ഇന്ററപ്‌സും താത്പര്യപത്രം സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. മറ്റുചില താത്പര്യപത്രങ്ങളും എയർഇന്ത്യയ്ക്കായി ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ടെങ്കിലും വിശദാംശങ്ങൾ എൺസ്‌റ്റ് ആൻഡ് യംഗ് പുറത്തുവിട്ടിട്ടില്ല. അടുത്തസാമ്പത്തിക വർഷം എയർഇന്ത്യ വില്പന പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ടാറ്റാ ഗ്രൂപ്പിനാണ് സാദ്ധ്യത കൂടുതൽ കല്പിക്കപ്പെടുന്നത്.
ചിറകുവിടർത്തി
സ്വകാര്യവത്കരണം
എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ 2018ൽ കേന്ദ്രം വിറ്റൊഴിയാൻ ശ്രമിച്ചെങ്കിലും വാങ്ങാൻ ആരും വന്നില്ല. കേന്ദ്രവുമായി ചേർന്ന് കമ്പനി നടത്താൻ നിക്ഷേപകർ മടിച്ചു. കടുത്ത നിബന്ധനകളും എയർ ഇന്ത്യയുടെ വലിയ കടബാദ്ധ്യതയും തിരിച്ചടിയായി. തുടർന്നാണ്, 100 ശതമാനം ഓഹരികളും വിറ്റൊഴിയാൻ തീരുമാനിച്ചത്. എയർ ഇന്ത്യയ്ക്ക് പുറമേ എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികൾ എന്നിവയാണ് വിറ്റൊഴിയുന്നത്.
ചട്ടങ്ങൾ ലളിതം
നിക്ഷേപകരെ ആകർഷിക്കാനായി വില്പനച്ചട്ടങ്ങൾ കേന്ദ്രം ലളിതമാക്കിയിരുന്നു. ഓഹരി മൂല്യത്തിന് പകരം ഹ്രസ്വകാല - ദീർഘകാല കടബാദ്ധ്യത ഉൾപ്പെടെ എയർ ഇന്ത്യയുടെ എന്റർപ്രൈസ് മൂല്യം (സംരംഭക മൂല്യം) അടിസ്ഥാനമായുള്ള താത്പര്യപത്രമാണ് ക്ഷണിച്ചത്. എയർ ഇന്ത്യയുടെ കടബാദ്ധ്യതയിൽ എത്ര ഏറ്റെടുക്കുമെന്നും മൊത്തം എത്ര തുക ഏറ്റെടുക്കാനായി നൽകുമെന്നും നിക്ഷേപകർ വ്യക്തമാക്കണം. നിക്ഷേപകർ മൊത്തം കടബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധന ഒഴിവാക്കി. എയർ ഇന്ത്യയുടെ 62,000 കോടി രൂപയുടെ കാടബാദ്ധ്യത, ഓഹരി വില്പനയ്ക്ക് മുന്നോടിയായി 23,286 കോടി രൂപയായി സർക്കാർ കുറച്ചിട്ടുമുണ്ട്.
ടാറ്റയുടെ സ്വന്തം
മഹാരാജ
ജെ.ആർ.ഡി ടാറ്റ 1932ൽ സ്ഥാപിച്ച വിമാനക്കമ്പനിയാണ് പിന്നീട് എയർ ഇന്ത്യയായി മാറിയതും കേന്ദ്രം സ്വന്തമാക്കിയതും. ഇപ്പോൾ, അതേ കമ്പനിയെ തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. ടാറ്റാ ഗ്രൂപ്പിന് ഉയർന്ന ഓഹരി പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യ മുഖേനയാണിത്.