periods

അഹമ്മദാബാദ്: ആർത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിർത്താൻ പാടില്ലെന്നും ആ പ്രവണത അവസാനിപ്പിക്കണമെന്നും ഗുജറാത്ത് ഹൈക്കോടതി. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സർക്കാർ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു.

ശ്രീ സഹജാനനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഹോസ്റ്റലില്‍ അറുപത് വിദ്യാര്‍ത്ഥിനികൾക്ക് ആര്‍ത്തവമുണ്ടായോ എന്ന് പരിശോധിച്ച സംഭവത്തിന് എതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ഇലേഷ് ജെ വോറ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

' ആര്‍ത്തവം കളങ്കമാണെന്നാണ് സമൂഹം ധരിച്ചിരിക്കുന്നത്. ആര്‍ത്തവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള നമ്മുടെ പരമ്പരാഗതമായ വിമുഖതയാണ് ഇതിന് കാരണം. ആര്‍ത്തവം കാരണം നിരവധി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ദൈനംദിന പ്രവര്‍ത്തികളില്‍ നിന്നുപോലും മാറിനില്‍ക്കേണ്ടിവരുന്നു'- കോടതി നിരീക്ഷിച്ചു.

നഗരത്തിൽ താമസിക്കുന്ന സ്ത്രീകളെ പൂജാ മുറിയില്‍ കയറ്റാത്ത, ഗ്രാമവാസികളായ സ്ത്രീകളെ അടുക്കളയില്‍പ്പോലും പ്രവേശിപ്പിക്കാത്ത പ്രവണതയെ കുറിച്ചും കോടതി നിരീക്ഷിച്ചു. ഇന്ത്യയില്‍ 23 ശതമാനം പെണ്‍കുട്ടികള്‍ ആര്‍ത്തവം ആരംഭിക്കുന്നതോടെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നുണ്ടെന്നും കോടതി പരാമർശിച്ചു.