വാഷിങ്ടൺ: സ്ത്രീകലെയും കുട്ടികളെയും ലക്ഷ്യമിച്ച് ആപ്പിൾ ടീവിക്കൊപ്പം ചേർന്ന് മലാല. താലിബാൻ വധശ്രമത്തിൽ നിന്ന് രക്ഷപെട്ട പാകിസ്ഥാൻ നൊബേൽ സമ്മാന ജേതാവും ആക്ടിവിസ്റ്റുമായ മലാല യൂസഫും ആപ്പിൾ ടിവിയുമായി കരാറിൽ ഒപ്പിട്ടു. നാടകം, ഹാസ്യ പരിപാടികൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ, കുട്ടികളുടെ പരമ്പരകൾ തുടങ്ങി വിവിധ പരിപാടികളുടെ നിർമ്മാണത്തിൽ സഹകരിക്കുമെന്നാണ് കരാറിലെ ഉള്ളടക്കം. വിവിധ കഴിവുകളുള്ള സ്ത്രീകൾ, ചെറുപ്പക്കാർ, എഴുത്തുകാർ, കലാകാരന്മാർ എന്നിവരെ പരിപാടികളിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കും. ഇതിന് അവസരം നൽകിയതിൽ നന്ദി അറിയിക്കുന്നു- മലാല പറഞ്ഞു. എക്സ്ട്രാകരിക്കുലർ എന്ന സ്വന്തം കമ്പനിയുടെ പേരിലാകും മലാല ഇവയ്ക്കാവശ്യമായ ഉള്ളടക്കം നിർമ്മിക്കുക. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി മലാല പ്രചാരണം നടത്തിയതിന് താലിബാൻ വധിക്കാൻ ശ്രമിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ മലാല വർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ആരോഗ്യം വീണ്ടെടുത്തത്. പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് സജീവമായി. 2014ൽ മലാലയുടെ 17ാം വയസിൽ നൊബേൽ ജേതാവായി. ബി.ബി.സിക്കായി സ്വന്തം പേരിലും തൂലിക നാമത്തിലും ഇവർ എഴുതിയ ലേഖനങ്ങളും ബ്ലോഗുകളും ആത്മകഥയും വൻ ജനപ്രീതി നേടി. മലാലയുടെ രചനകളോടുള്ള ജനപ്രീതി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പിൾ കരാറിൽ ഒപ്പുവച്ചത്.