mammootty

'നിഷ്കളങ്കത' മൂലം തന്റെ പുതിയ ചിത്രമായ 'ദ പ്രീസ്റ്റി'ലെ രഹസ്യം അബദ്ധത്തിൽ വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രവുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകവേയാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യം മമ്മൂട്ടി അറിയാതെ പറഞ്ഞുപോയത്.

മമ്മൂട്ടിയുടെ വാക്കുകൾ കേട്ട് അടുത്തിരിക്കുന്ന മഞ്ജു 'അയ്യോ' എന്ന് പറയുന്നുമുണ്ട്. ഇതുകേട്ട് 'അല്ലേ?' എന്ന് മമ്മൂട്ടി തന്നോട് ചോദിക്കുന്നത് കണ്ട് നടി ചിരിക്കുമ്പോഴാണ് അബദ്ധം പിണഞ്ഞ കാര്യം നടന് മനസിലാകുന്നത്. 'അത് പറയാൻ പാടില്ല അല്ലേ'- എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി അൽപ്പം ചമ്മൽ പ്രകടിപ്പിക്കുന്നതും കാണാം.

പിന്നീട് 'അയ്യോ അത് കൈയ്യീന്ന് പോയല്ലോ ആന്റോ...'- എന്ന് സിനിമയുടെ നിർമാതാവായ ആന്റോ ജോസഫിനോട് മമ്മൂട്ടി പറയുന്നതും 'കുഴപ്പമില്ല, നമുക്ക് പിടിച്ച് കയറാം'-എന്ന് ആന്റോ മറുപടി നൽകുന്നതും സംഭവത്തിന്റെ വീഡിയോയിൽ കേൾക്കാം.

തന്റെ നിഷ്കളങ്കത കൊണ്ടാണ് ഇക്കാര്യം പറഞ്ഞുപോയതെന്ന് രസകരമായി വിശദീകരിക്കുന്ന മെഗാസ്റ്റാർ, വീണ്ടും ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരോട്, 'ഇനി കൂടുതലൊന്നും ഞാൻ പറയുന്നില്ല' എന്ന് പറഞ്ഞുകൊണ്ട് മൈക്ക് കൈമാറുകയാണ് ചെയ്യുന്നത്.