
തിരുവനന്തപുരം: ആദ്യം കേരളത്തിൽ നിന്നും കോൺഗ്രസിനെ പുറത്താക്കാൻ സി.പി.എമ്മിനൊപ്പം ചേരുക, അതിന് ശേഷം സി.പി.എമ്മിനെ പുറത്താക്കുക എന്നതായിരിക്കാം ബി.ജെ.പി അജണ്ടയെന്ന് നടൻ ശ്രീനിവാസൻ. സി.പി.എമ്മിന് കൂടുതൽ കാലം ഭരിക്കാൻ അവസരം കിട്ടിയാൽ അവർ സ്വയം തകരുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൂടുതൽ കാലം ഭരിക്കുന്തോറും ബംഗാളിലേതു പോലെ കേരളത്തിലും സി.പി.എം തകരും. അതുകൊണ്ട് തുടർച്ചയായി കേരളത്തിൽ സി.പി.എമ്മിന് കുറച്ചുകാലംകൂടെ ഭരിക്കാൻ അവസരം കൊടുക്കുക, പിന്നാലെ അവർ സ്വയം തകരും എന്ന തന്ത്രമാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെയുളള ബുദ്ധിപരമായ നീക്കമാണ് നടത്തുന്നത്. ഇതൊന്നും സാധാരണ ബുദ്ധികൊണ്ട് നമുക്കൊന്നും സങ്കൽപിക്കാൻ കഴിയുന്ന കാര്യങ്ങളല്ല. ഇവനോടൊക്കെ എന്ത് പറയാനെന്നും ശ്രീനിവാസൻ പറഞ്ഞു.
സ്വർണക്കടർത്ത് കേസിന് പിന്നിലെ സത്യം പുറത്ത് വരില്ലെന്നാണ് എനിക്ക് തോന്നുന്നത്. നമ്മൾ വിചാരിക്കുന്ന അജണ്ടയല്ല രാഷ്ട്രീയപ്പാർട്ടികൾക്കുളളത്. പാർട്ടികളുടെ നടപടി വളരെ ലളിതമാണെന്ന് നമുക്ക് തോന്നും. എന്നാൽ കുഴപ്പം പിടിച്ച അദൃശ്യശക്തികൾ ഇതിനുളളിൽ കളിക്കുകയാണ്. അതുകൊണ്ടാണ് ഈ കേസിനു പിന്നിലെ സത്യം സത്യസന്ധമായി പുറത്ത് വരുമെന്ന് എനിക്ക് വിശ്വാസമില്ലെന്ന് പറയുന്നതെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
ഇ. ശ്രീധരൻ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളിലേതെങ്കിലും ഒന്നിൽ ചിലപ്പോൾ വീണുപോകാം. അദ്ദേഹത്തിന് ആരാണ് വാഗ്ദാനം നൽകിയതെന്നറിയില്ലല്ലൊ. തീർച്ചയായും അദ്ദേഹത്തിനെന്തൊക്കെയോ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തെ പോലൊരു നല്ലമനുഷ്യൻ ട്വന്റി-ട്വന്റി പോലൊരു പ്രസ്ഥാനത്തിലായിരുന്നു വരേണ്ടിയിരുന്നതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.