
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് എവർട്ടണിനെ കീഴടക്കി.ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ എവർട്ടണിന്റെ ബെൻ ഗോഡ്ഫ്രേയുടെ വകയായികിട്ടിയ സെൽഫ് ഗോളും ജോർജീന്യോ പെനാൽറ്റിയിലൂടെ നേടിയ ഗോളുമാണ് ആതിഥേയർക്ക് ജയമൊരുക്കിയത്. ജയത്തോടെ 28 മത്സരങ്ങളിൽ നിന്നും 50 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തേക്ക് കയറി. എവർട്ടൺ തോൽവിയോടെ ആറാം സ്ഥാനത്തായി. 31-ാം മിനിട്ടിലാണ് ഗോഡ്ഫ്രേയുടെ സെൽഫ് ഗോൾ ചെൽസിയുടെ അക്കൗണ്ടിൽ എത്തുന്നത്. തുടർന്ന് രണ്ടാം പകുതിയിൽ 65-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ജോർജീന്യോ ചെൽസിയുടെ ജയം ഉറപ്പിക്കുകയായിരുന്നു.മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡും ഇതേ സ്കോറിന് ലീഡ്സിനെ കീഴടക്കി.